ജൂത ദേവാലയം കത്തിച്ച സംഭവം: തീയിട്ടത് ‘ബോസി’ന്റെ നിർദേശ പ്രകാരം; ദൃശ്യം അയച്ച് പ്രതിഫലം കൈപ്പറ്റി
കൊച്ചി: കൊച്ചി മാർക്കറ്റിലെ ജൂത സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതിയായ എബിൻ പോളിനെ എൻ.ഐ.എ സംഘം ചോദ്യം ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് തീവ്രവാദ ബന്ധം സംശയിക്കുന്ന ചില തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയോടെയാണ് കൊച്ചി കടവുംഭാഗം ജൂത സിനഗോഗിന് മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവം ഉണ്ടായത്. കേസിൽ പ്രതിയായ പുത്തൻകുരിശ് സ്വദേശിയായ എബിൻ പോളിനെ എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
ബോസ്’ എന്ന് വിളിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് എബിൻ പോൾ പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അയച്ചുനൽകി പ്രതിഫലം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നിലെ ഗൂഢാലോചന, പ്രതിയുടെ ബന്ധങ്ങൾ, ആക്രമണത്തിന് നിർദേശം നൽകിയതായി സംശയിക്കുന്ന വ്യക്തിയുടെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം.