എല്‍. മുരുഗന്റെ കേന്ദ്രമന്ത്രിസ്ഥാനം തെറിപ്പിച്ച് ബോളിവുഡ് നടി; രാജി അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍
ന്യൂഡൽഹി: കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രിയായിരുന്ന എൽ. മുരുഗന്റെ പെട്ടെന്നുള്ള രാജിക്ക് കാരണം ബോളിവുഡ് നടിയുടെ പരാതിയെന്ന് സൂചന. നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ഇതിൽ ഇവർ നൽകിയ പരാതിയിലാണ് രാജിയെന്നും ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. അനുചിതമായ സന്ദേശങ്ങൾ മന്ത്രിയിൽ നിന്നുണ്ടായ വിവരം നടി ബി.ജെ.പി ഉന്നത നേതാക്കളെ അറിയിച്ചുവെന്നും ഇതോടെ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഉന്നത നേതൃത്വം ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 2030 വരെ കാലാവധിയുണ്ടായിരുന്നിട്ടും എൽ. മുരുഗൻ രാജ്യസഭാംഗത്വവും രാജിവച്ചിരുന്നു.
തമിഴ്നാട്ടിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് രാജിയെന്നായിരുന്നു എൽ. മുരുഗന്റെ വിശദീകരണം. “രാജ്യം ഒന്നാമത്, പാർട്ടി രണ്ടാമത്, സ്വന്തം കാര്യം അവസാനം” എന്നായിരുന്നു പ്രധാനമന്ത്രിക്ക് താൻ രാജി സമർപ്പിച്ചുവെന്ന് വ്യക്തമാക്കി മുരുഗൻ എക്സിൽ കുറിച്ചത്. 2029-ലെ തിരഞ്ഞെടുപ്പിലേക്ക് തമിഴ്നാട്ടിലെ പാർട്ടിക്ക് തന്റെ സേവനം ആവശ്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
പ്രധാനമന്ത്രിയോട് താൻ രാജി വയ്ക്കാനുള്ള താൽപര്യം അറിയിച്ചതിന് പിന്നാലെ അദ്ദേഹം അനുവദിക്കുകയായിരുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. തമിഴ്നാട്ടിലെ തെരുവുകളിലൂടെയും ക്ഷേത്രങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും നേരിൽ കാണുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ ഫലം കാണാമെന്നും കുറിപ്പിൽ വിശദീകരിച്ചിരുന്നു. നാലുമാസത്തിനിടെ രാജിവച്ച മൂന്നാമത്തെ കേന്ദ്രമന്ത്രിയായിരുന്നു മുരുഗൻ.