ടി. വീണയ്ക്ക് എന്തിനാണ് ഇത്ര പരിഗണന? സിപിഎം കണ്ണൂര്‍ വിശാല ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം
കണ്ണൂർ: ടി. വീണയെ സംരക്ഷിച്ച വിഷയത്തിൽ സി.പി.എം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയന് വിമർശനം. സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ വീണയ്ക്ക് മാത്രം എന്തിനാണ് സംരക്ഷണമെന്നായിരുന്നു കമ്മിറ്റിയിൽ ഉയർന്ന ചോദ്യം. ഇതിനൊപ്പം വി. ജോയി എം.എൽ.എ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരുന്നതിനെതിരെയും യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു.
പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത യോഗത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. കണ്ണൂരിലെ കമ്മിറ്റിയിൽ കടുത്ത പ്രതികരണങ്ങൾ ഉണ്ടാകില്ലെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ചോദ്യങ്ങൾ ഉയര്‍ന്നത്. കേസിൽ പിണറായി വിജയൻ പരസ്യപ്രസ്താവന നടത്താൻ വൈകിയതിനെയും, തുടർന്ന് മകൾക്ക് പാർട്ടി കവചമൊരുക്കിയതിനെയും അംഗങ്ങൾ കുറ്റപ്പെടുത്തി. മാടായി, ശ്രീകണ്ഠാപുരം, പാനൂർ മേഖലകളിൽ നിന്നുള്ള അംഗങ്ങളാണ് ഈ വിമർശനം ഉന്നയിച്ചതെന്നാണ് വിവരം.
വീണക്കെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമെന്ന് ചിത്രീകരിച്ച നിലപാടിനെയും അംഗങ്ങൾ ചോദ്യം ചെയ്തു. വീണക്കെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി ഔദ്യോഗികമായി പ്രസ്താവനയിറക്കിയത് എന്തിനാണെന്നും, മുൻപ് കോടിയേരി ബാലകൃഷ്ണന്റെയും വി.എസ്. അച്യുതാനന്ദന്റെയും മക്കൾക്കെതിരെ കേസുകൾ വന്നപ്പോൾ വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. വീണയ്ക്ക് മാത്രം എന്തിനാണ് വ്യത്യസ്ത നിലപാടെന്നും ചോദ്യമുയർന്നു.
അതേസമയം, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എം.എൽ.എയുമായ വി. ജോയിക്ക് എന്താണ് പ്രത്യേകതയെന്ന വിമർശനവും ഉയർന്നു. ജനപ്രതിനിധിയായിരിക്കെ ജില്ലാ സെക്രട്ടറി പദവിയിൽ തുടരുന്നതിലായിരുന്നു അമർഷം. ലോക്കൽ സെക്രട്ടറി മുതൽ മുകളിലോട്ടുള്ളവർ ഫുൾടൈം പ്രവർത്തകരായിരിക്കണമെന്ന പാർട്ടി തീരുമാനമുണ്ട്. പലയിടത്തും ജോലി രാജിവെച്ചാണ് ലോക്കൽ സെക്രട്ടറിമാർ സംഘടനാ പ്രവർത്തനം നടത്തുന്നതെന്നും, ജനപ്രതിനിധികൾ അവരവരുടെ മണ്ഡലങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ജോയിക്കെതിരെ വിമർശനമുന്നയിച്ചവർ വ്യക്തമാക്കി.