‘നിങ്ങൾ ഭരണഘടനയ്ക്കും മുകളിലാണോ?’; 2023-ലെ ഇലക്ഷൻ കമ്മീഷണർമാരുടെ നിയമപരിരക്ഷാ നിയമം റദ്ദാക്കണമെന്ന് ഖാർഗെ
മല്ലികാർജുൻ ഖാർഗെ
കൽബുർഗി: തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് സിവിൽ, ക്രിമിനൽ നടപടികളിൽ നിന്ന് സമ്പൂർണ പരിരക്ഷ ഉറപ്പാക്കുന്ന വിവാദമായ 2023-ലെ നിയമം കേന്ദ്ര സർക്കാർ ഉടനടി റദ്ദാക്കണമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വയംഭരണാധികാരവും നിഷ്പക്ഷതയും നരേന്ദ്ര മോദി സർക്കാർ തകർത്തുവെന്ന് കുറ്റപ്പെടുത്തിയ ഖാർഗെ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പുകൾ വീണ്ടും ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
കർണാടകയിലെ കൽബുർഗിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കേന്ദ്ര സർക്കാരിനെതിരെയുള്ള കോൺഗ്രസ് അധ്യക്ഷന്റെ തുറന്ന കടന്നാക്രമണം. ‘നിങ്ങൾ ഭരണഘടനയ്ക്കും മുകളിലാണോ?’ എന്ന് ചോദിച്ച ഖാർഗെ, കമീഷണർമാരെ ജനകീയ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ സംരക്ഷക കവചം ഒരുക്കുകയാണെന്ന് ആരോപിച്ചു.
ചീഫ് ഇലക്ഷൻ കമീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് (നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി) നിയമം, 2023 പൂർണമായി പിൻവലിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പേരിൽ ചെയ്യുന്ന നടപടികൾക്കും പ്രസ്താവനകൾക്കും എതിരെ കേസെടുക്കുന്നത് തടയുന്നതാണ് ഈ നിയമം.
“തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് സമ്പൂർണ നിയമ പരിരക്ഷ നൽകാനായി നിങ്ങൾ കൊണ്ടുവന്ന നിയമം പിൻവലിക്കുക. കേന്ദ്രീകൃത സംവിധാനത്തിൽ നിന്ന് സോഫ്റ്റ്വെയർ നിർദ്ദേശങ്ങൾ നൽകി ബൂത്ത് ലെവൽ ഓഫീസർമാരെക്കൊണ്ട് വോട്ടർപട്ടികയിൽ ബോധപൂർവം മാറ്റങ്ങൾ വരുത്തുകയാണ്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായാണ് നടക്കുന്നതെങ്കിൽ ആര് ജയിച്ചാലും ഞങ്ങൾക്ക് പ്രശ്നമില്ല. കോൺഗ്രസ് മാത്രമേ ജയിക്കാവു എന്നോ ഏതെങ്കിലും ഒരു പ്രത്യേക പാർട്ടി ജയിക്കണമെന്നോ ഭരണഘടന പറയുന്നില്ല. വ്യക്തികൾക്കോ പാർട്ടികൾക്കോ വേണ്ടിയല്ല, മറിച്ച് ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സും ജനാധിപത്യവും സംരക്ഷിക്കാനാണ് പ്രതിപക്ഷം ഇന്ന് പോരാടുന്നത്,” മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കളുടെ കത്തുകൾക്ക് പ്രധാനമന്ത്രി നേരിട്ട് മറുപടി നൽകാതെ മറ്റ് മന്ത്രിമാരെക്കൊണ്ട് മറുപടി പറയിപ്പിക്കുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. താൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നൽകിയ മറുപടിയെ പരാമർശിച്ച അദ്ദേഹം, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും നയപരമായ തീരുമാനങ്ങൾ എടുക്കാതെ ഇത്തരം കത്തുകൾ കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് ഓർമിപ്പിച്ചു.
“ഏകാധിപത്യപരമായി മുന്നോട്ട് പോകാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഈ രാജ്യത്തെ ജനങ്ങൾ നിശബ്ദരായിരിക്കില്ല. അവർ നിങ്ങളെ ഭരണത്തിൽ നിന്ന് തൂത്തെറിയും. തെറ്റുകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ വൻ ജനരോഷം സർക്കാരിന് നേരിടേണ്ടി വരും,” ഖാർഗെ മുന്നറിയിപ്പ് നൽകി.