നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ഹരജി കോടതി തള്ളി
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകട കേസിലെ മുഖ്യപ്രതി സുഹൈലിനെ (19) സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കോടതി തള്ളി. അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സംയുക്ത എംകെയാണ് കാക്കനാട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹരജി തള്ളിയത്.
18 മുതൽ 21 വയസ്സുവരെയുള്ള തടവുകാരെ പാർപ്പിക്കുന്ന ബോർസ്റ്റൽ സ്കൂളിൽ പ്രതിയെ പാർപ്പിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നുമായിരുന്നു അധികൃതരുടെ ആവശ്യം. എന്നാൽ വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി ആവശ്യം നിരസിച്ചു. ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലായിരുന്നു മദ്യലഹരിയിലും അമിതവേഗതയിലുമെത്തിയ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ച നാടിനെ നടുക്കിയ അപകടം നടന്നത്. പ്രതികളുടെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
അതിനിടെ, അപകടത്തിൽ മരിച്ച വയനാട് കൽപ്പറ്റ സ്വദേശിനി ദേവികയുടെ വീട്ടിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഇന്ന് രാവിലെ അഞ്ചംഗ പൊലീസ് സംഘം കൽപ്പറ്റയിലെത്തി കുടുംബാംഗങ്ങളിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും മകൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവികയുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.