23/10/2026
[fontresizer_tawhidurrahmandear_widget]

‘ചൈനക്ക് ക്ലീൻചിറ്റ് നൽകുന്നത് മതിയാക്കൂ’; അതിർത്തിയിലെ സംഘർഷത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ

 ‘ചൈനക്ക് ക്ലീൻചിറ്റ് നൽകുന്നത് മതിയാക്കൂ’; അതിർത്തിയിലെ സംഘർഷത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ

നരേന്ദ്ര മോദി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡൽഹി: ചൈനയുമായുള്ള ഇന്ത്യയുടെ ദേശീയ സുരക്ഷയും സാമ്പത്തിക സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടലുകൾ തുടരുന്നതായുള്ള റിപ്പോർട്ടുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി വലിയ തോതിൽ വർധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഖാർഗെ പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.

“ചൈനക്ക് മതിയായ ക്ലീൻ ചിറ്റുകൾ നൽകി. പ്രധാനമന്ത്രി മോദി ഇന്ത്യക്ക് മുന്നിൽ സത്യാവസ്ഥ വ്യക്തമാക്കണം”-എന്ന് ഖാർഗെ എക്സിൽ കുറിച്ചു. അതിർത്തി സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ സർക്കാർ രാജ്യത്തെ ഇരുട്ടിൽ നിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുമായി വിവിധ മേഖലകളിൽ മുഖാമുഖം സംഘർഷങ്ങൾ തുടരുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറൽ ശത്രുജീത് സിങ് കപൂർ വെള്ളിയാഴ്ച പറഞ്ഞിരുന്നു. തക്സിങ് മേഖലയിൽ ചൈനീസ് സൈനികരുമായി മുഖാമുഖം സംഘർഷങ്ങളുണ്ടായതായി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഖാർഗെയുടെ പ്രതികരണം.

ഓഗസ്റ്റിൽ തക്സിങ്ങിന് സമീപം ചൈനീസ് സൈനികർ അതിക്രമിച്ചുകയറിയെന്ന റിപ്പോർട്ടുകൾ പരാമർശിച്ച ഖാർഗെ, ഇന്ത്യയുടെ പട്രോളിങ് പ്രവേശനം തടസ്സപ്പെട്ടിട്ടുണ്ടോയെന്നും ആരാഞ്ഞു. 2020ലെ ഗൽവാൻ സംഘർഷത്തിന് സമാനമായ മറ്റൊരു ഗുരുതരമായ അതിർത്തി പ്രതിസന്ധിക്ക് സാധ്യതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഗൽവാൻ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.

“അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. എന്തുകൊണ്ടാണ് രാജ്യത്തെ ഇരുട്ടിൽ നിർത്തുന്നത്?”-എന്നും ഖാർഗെ ചോദ്യമുന്നയിച്ചു. ജൂലൈ മുതൽ അപ്പർ സുബാൻസിരി ജില്ലയിലെ തക്സിങ് മേഖലയിൽ ചൈനീസ് സൈനികരുമായി തർക്കം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, അതിർത്തിയിലെ സ്ഥിതിഗതികൾ ഇന്ത്യ-ചൈന ബന്ധത്തെ മൊത്തത്തിൽ ബാധിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ നിലവിലുള്ള നയതന്ത്ര, സൈനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also read: