‘ഗ്യാനേഷ് കുമാർ രാജിവെക്കുകയോ മോദി പുറത്താക്കുകയോ ചെയ്യുന്നത് വരെ പോരാട്ടം തുടരും’: രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
ഡൽഹി: തങ്ങൾ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാർ രാജിവെക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യുന്നത് വരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരും. കുറച്ച് ശതകോടീശ്വരന്മാർക്ക് മാത്രമായി, ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും രാഹുൽ വിമർശിച്ചു. ഡൽഹിയിലെ ത്രിലോക്പുരിയിൽ സംഘടിപ്പിച്ച ജനസഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“ഈ വിഷയത്തിൽ മുഴുവൻ പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. വോട്ട് ഓരോ പൗരന്റെയും മൗലികാവകാശമാണ്. എന്നിട്ടും ഇന്ത്യയിലെ കോടിക്കണക്കിനാളുകളിൽ നിന്ന് വോട്ട് ആസൂത്രിതമായി തട്ടിയെടുക്കുന്നു. ഞങ്ങൾ ഈ വിഷയം വളരെക്കാലമായി ഉന്നയിക്കുന്നുണ്ട്. എന്നാൽ രാജ്യം മുഴുവൻ ഇത് മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു”-അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രരെ മനഃപൂർവം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ആരോപിച്ച രാഹുൽ, ഒരുപിടി ശതകോടീശ്വരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു രാജ്യം സൃഷ്ടിക്കുന്നതിനായി അവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി സംഘടിപ്പിക്കുന്ന മഹാറാലിക്കൊരുങ്ങുകയാണ് രാംലീല മൈതാനി. ‘വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം. രാംലീല മൈതാനിയിൽ റാലിക്കായുള്ള പന്തൽ നിർമാണമുൾപ്പെടെയുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പത്ത് ലക്ഷത്തോളം പേരെ പ്രതിഷേധത്തിൽ അണിനിരത്താനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ പാർട്ടികൾ.