27/10/2026
[fontresizer_tawhidurrahmandear_widget]

ചേരാനല്ലൂർ വാഹനാപകടം: സിഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ

 ചേരാനല്ലൂർ വാഹനാപകടം: സിഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: ചേരാനല്ലൂരിൽ അഡീഷണൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ ജയ ബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ വീഴ്ചവരുത്തിയ ചേരാനല്ലൂർ സി.ഐ ശ്യാംകുമാർ, എസ്.എച്ച്.ഒ വിശ്വജിത്ത്, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ അരുൺ എന്നിവരെ സസ്പെൻഡ് ചെയ്തു. വാഹന ഉടമയായ അഡീഷണൽ ജഡ്ജിക്കെതിരെ കേസെടുത്ത വിവരം ഹൈക്കോടതി രജിസ്ട്രാറെ അറിയിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രതിയായ പതിനേഴുകാരനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. സ്ഥിരമായി അമിതവേഗതയിൽ വാഹനമോടിച്ചിരുന്ന കൗമാരക്കാരൻ, മുൻപ് വണ്ടിയോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കൂടാതെ 25 വയസ്സുവരെ ലൈസൻസ് എടുക്കുന്നതിൽനിന്ന് കൗമാരക്കാരനെ വിലക്കാനും കാറിന്റെ ആർ.സി സസ്പെൻഡ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.

മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് പ്രകാരമാണ് ജഡ്ജിക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം സ്വന്തം അറിവോടെയല്ല മകൻ വാഹനമെടുത്തതെന്നാണ് ജഡ്ജിയുടെ വിശദീകരണം. ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്നും, പതിനേഴുകാരന്റെ ചിത്രം ഫോണിൽനിന്ന് ഡിലീറ്റ് ചെയ്യിച്ച് ഭീഷണിപ്പെടുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും മരിച്ച ജയന്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവം അന്വേഷിക്കാൻ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എ.ഡി.ജി.പി പി. വിജയനും കമ്മീഷണറും ചേരാനല്ലൂർ സ്റ്റേഷനിലെത്തി വീഴ്ചകൾ പരിശോധിച്ച് നടപടി ഉറപ്പുനൽകി.

Also read: