‘ഇൻസ്റ്റാഗ്രാമിലെ സെൻസർഷിപ്പ് വിജയിക്കില്ല’; സർക്കാർ വിരുദ്ധ പോസ്റ്റുകൾ നീക്കം ചെയ്യുന്ന കേന്ദ്രത്തിനെതിരെ അഭിജീത് ദിപ്കെ
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ സർക്കാരിനെതിരായ വിമർശന പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. സർക്കാരിന്റെ ഈ സെൻസർഷിപ്പ് നീക്കം വിജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
ദിവസേന ആയിരക്കണക്കിന് വിമർശന പോസ്റ്റുകളും അക്കൗണ്ടുകളുമാണ് നീക്കം ചെയ്യാൻ നിർബന്ധിതമാകുന്നത്. ജനങ്ങൾ ചോദ്യങ്ങൾ ഉയർത്തുന്ന ഒരു പ്ലാറ്റ്ഫോം മാത്രമാണ് ഇൻസ്റ്റാഗ്രാം എന്നും ആ ചോദ്യങ്ങൾക്ക് പിന്നിലെ കാരണങ്ങൾ സമൂഹമാധ്യമങ്ങൾക്കപ്പുറത്താണ് നിലനിൽക്കുന്നതെന്നും ദിപ്കെ ചൂണ്ടിക്കാട്ടി. അക്കൗണ്ടുകൾ നീക്കം ചെയ്ത് ഇത്തരം ചോദ്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഇത് ജനങ്ങളിൽ കൂടുതൽ അവിശ്വാസത്തിന് മാത്രമേ വഴിവെക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ ആയിരക്കണക്കിന് ഇൻസ്റ്റാ അക്കൗണ്ടുകൾ നിയന്ത്രിക്കപ്പെടുകയും ലക്ഷക്കണക്കിന് വീഡിയോകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സിജെപി നേതാവ് അശുതോഷ് റാങ്കയും ആരോപിച്ചു.
സർക്കാരിന്റെ ‘വിക്ഷിത് ഭാരത് 2047’ വാഗ്ദാനത്തെക്കുറിച്ച് ആക്ഷേപഹാസ്യ കവി വരുൺ ഗ്രോവർ എഴുതിയ കവിതയുടെ സംഗീത രൂപവും ഇൻസ്റ്റാഗ്രാം നീക്കം ചെയ്തിരുന്നു. ഐ.ടി നിയമപ്രകാരമാണ് നടപടിയെന്നാണ് ഇൻസ്റ്റാഗ്രാം അറിയിച്ചത്. ഇതിന് പുറമെ, ആക്ഷേപഹാസ്യ കലാകാരനായ ‘ദേശ്ഭക്ത്’, നിയമ വാർത്താ വെബ്സൈറ്റായ ‘ലൈവ് ലോ’ എന്നിവരുടെ ഉള്ളടക്കങ്ങളും സെൻസർഷിപ്പിന് വിധേയമായതായി പരാതി ഉയർന്നിട്ടുണ്ട്.