‘കൂട്ടിയ ശമ്പളം വേണ്ട, ഈ തീരുമാനം തെറ്റ്’: എംഎല്‍എമാരുടെ ശമ്പള വര്‍ധനയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. സാമ്പത്തിക പ്രതിസന്ധിക്കിടെ ശമ്പളം വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പ്രതികരിച്ചു. കൂട്ടിയ ശമ്പളവും അലവന്‍സും താൻ സ്വീകരിക്കില്ലെന്നും, ലഭിക്കുന്ന എല്ലാ അലവന്‍സുകളും മണ്ഡലത്തിന്റെ വികസനത്തിനായി ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാസാക്കിയത്. നിലവിലെ ജനപ്രതിനിധികള്‍ക്ക് പുറമെ മുന്‍ എംഎല്‍എമാരുടെ പെന്‍ഷനിലും വർധനവുണ്ട്. 2018-ലാണ് ഇതിന് മുൻപ് അവസാനമായി ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിച്ചത്.
ഉയര്‍ന്ന ദൈനംദിന ചെലവുകള്‍ കാരണം പല അംഗങ്ങളും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ, യാതൊരു തർക്കങ്ങളുമില്ലാതെ ബിൽ പാസാക്കിയ നടപടിയെ അഭിനന്ദിച്ചു. കൂടാതെ, എംഎല്‍എമാര്‍ക്ക് ഒരു പേഴ്‌സണൽ അസിസ്റ്റന്റിനെ കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ നിര്‍ദേശം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടിയും നല്‍കി. ബില്‍ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ശമ്പള വർധനവ് സംബന്ധിച്ച ബില്‍ സഭയിലെത്തിയത്. പരിഷ്‌കരിച്ച നിരക്കുകള്‍ പ്രാബല്യത്തിൽ വരുന്നതോടെ എംഎല്‍എമാരുടെ പ്രതിമാസ ആനുകൂല്യങ്ങള്‍ 70,000 രൂപയില്‍ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷം രൂപയില്‍ നിന്ന് 1.33 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. സാമാജികരുടെ മണ്ഡലം അലവന്‍സ്, യാത്രാബത്ത, ഇന്ധന കൂപ്പണ്‍ തുക എന്നിവയ്ക്കും വർധനവുണ്ട്. കൂടാതെ പലിശരഹിത വാഹന വായ്പാ പരിധിയും ഉയര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്.