‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; ഗവർണറുടെ ഭക്ഷണക്രമ വിവാദത്തിൽ കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. രാജ്ഭവനിൽ ഗവർണറുടെ താൽപര്യപ്രകാരമുള്ള ഭക്ഷണം കഴിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും, ഇതിനെതിരെ വിവാദമുണ്ടാക്കുന്ന കോൺഗ്രസുകാർ നാളെ ഒരു മലയാളി മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ എന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നത് ഫ്രോഡ് രാഷ്ട്രീയമാണെന്നും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം അവിടുത്തെ താമസക്കാർക്ക് മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഗവർണറുടെ സംസ്കാരത്തിനും താല്പര്യങ്ങൾക്കും അനുസരിച്ചുള്ള ഭക്ഷണരീതിയാണ് അദ്ദേഹം തെരഞ്ഞെടുക്കുന്നത്. വിവേകം നഷ്ടപ്പെട്ടതുപോലെയാണ് കോൺഗ്രസ് ഇപ്പോൾ പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളോട് മറുപടി പറയേണ്ട യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി അർഥശൂന്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു കൂട്ടമായി രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയെ മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാർ 150 ദിവസങ്ങൾ പിന്നിടുമ്പോൾ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ എവിടെയെന്നോ, ‘പുതുയുഗ കേരളം’ എന്ന പ്രഖ്യാപനത്തിന് എന്ത് സംഭവിച്ചെന്നോ വി.ഡി. സതീശനോ കോൺഗ്രസ് നേതാക്കളോ ചർച്ച ചെയ്യുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ യുവജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ചും, സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യമല്ലാത്തതിനാൽ കഷ്ടപ്പെടുന്ന സാധാരണക്കാരെക്കുറിച്ചും സംസാരിക്കാൻ തയ്യാറാകാത്തവരാണ് പുതിയ ഗവർണറുടെ ഭക്ഷണശീലത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ രാജ്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ പാടുള്ളൂ എന്ന ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെയുള്ള ഈ അന്ത്യശാസനം കടന്ന കൈയാണെന്നും, ഭക്ഷണത്തിൽ ഇടപെട്ട് മലയാളികളുടെ തനതായ ജീവിതരീതികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.