02/06/2026
[fontresizer_tawhidurrahmandear_widget]

‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ’: ശോഭയെയും സുരേന്ദ്രനേയും വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

 ‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ’: ശോഭയെയും സുരേന്ദ്രനേയും വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപിക്കു വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ നേരത്തെ തന്നെ സജീവമായിരുന്നെങ്കിൽ ജയിച്ചു വരാമായിരുന്നു. കഴക്കൂട്ടത്ത് വി.മുരളീധരനും ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറും അത്തരത്തിലാണ് ജയം സ്വന്തമാക്കിയതെന്നും രാജീവ് ചന്ദ്രശേഖർ ഓർമിപ്പിച്ചു.

സഭയ്ക്കെതിരെ കടുത്ത നിലപാടുകളും വിമർശനങ്ങളും ഉന്നയിച്ച പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെയും യോഗത്തിൽ വിമർശനമുയർന്നു. സഭാവിരുദ്ധ പരാമർശങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്നു കോർ കമ്മിറ്റിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. അനുകൂലമല്ലാത്ത സാഹചര്യം നിലനിന്നിട്ടും ക്രൈസ്‌തവ വിഭാഗത്തിൽ നിന്നുള്ളവരുടെ വോട്ടുകൾ ഇത്തവണ പാർട്ടിക്ക് ലഭിച്ചു. തിരുവല്ലയിൽ അനൂപ് ആൻ്റണി രണ്ടാം സ്ഥാനത്തെത്തിയത് ഇതിൻ്റെ തെളിവാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.

പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ സൗജന്യ ബസ് യാത്രയുടെ പേരിൽ മഹിളാ മോർച്ച നടത്തിയ സമരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇത്തരം അനാവശ്യ സമരങ്ങൾ പാർട്ടിയെ ജനങ്ങൾക്കിടയിൽ അപഹാസ്യരാക്കുമെന്നും ഭാവിയിൽ പ്രതിഷേധ പരിപാടികൾ പാർട്ടിയുമായി കൃത്യമായി ആലോചിച്ചേ നടപ്പാക്കാവൂവെന്നും സംസ്ഥാന നേതൃത്വം കർശന നിർദേശം നൽകി.

Also read: