നേതൃസ്ഥാനം ആവശ്യപ്പെട്ട് വി. മുരളീധരൻ, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ; ബിജെപിയിൽ നിയമസഭാകക്ഷി നേതാവ് സ്ഥാനത്തിനായി വടംവലി
രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ
തിരുവനന്തപുരം: ബിജെപി നിയമസഭാകക്ഷി നേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവ് വി. മുരളീധരനെ കക്ഷിനേതാവാക്കണമെന്ന കോർ കമ്മിറ്റി നിർദ്ദേശം അംഗീകരിക്കാൻ നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറായിട്ടില്ല. തന്നെത്തന്നെ നിയമസഭാകക്ഷി നേതാവാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം. പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെടാൻ ഇത് കാരണമാകുമെന്ന വാദം ഉന്നയിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുനീക്കം. ബിജെപി കോർ കമ്മിറ്റിയിൽ ഭൂരിപക്ഷവും വി. മുരളീധരനെ നേതാവാക്കുന്നതിനെയാണ് അനുകൂലിച്ചത്. എന്നാൽ, ഇന്ന് നിയമസഭയിൽ കക്ഷി നേതാവായി സംസാരിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് പ്രതിനിധികളാണ് ബിജെപിക്ക് ഉള്ളത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ വി. മുരളീധരൻ, വി.ബി. ഗോപകുമാർ എന്നിവരാണ് വിജയിച്ചെത്തിയത്. ഇതിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ദീർഘകാല പ്രവൃത്തിപരിചയമുള്ള വി. മുരളീധരനെ നിയമസഭാ കക്ഷിനേതാവാക്കാമെന്നായിരുന്നു കോർ കമ്മിറ്റിയിലെ പൊതുധാരണ. ബിജെപി ദേശീയ നേതൃത്വത്തിനും മുരളീധരൻ്റെ പേരിനോടായിരുന്നു താല്പര്യമെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ, വി. മുരളീധരൻ കക്ഷിനേതാവായാൽ സഭയിൽ രാജീവ് ചന്ദ്രശേഖരന്റെ സ്ഥാനം പിന്നിലായിപ്പോകുമെന്നും മുരളീധരൻ സംസാരിക്കുന്ന ഘട്ടങ്ങളിൽ രാജീവിന് സഭയിൽ അവസരം കുറയുമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. ഇത് പാർട്ടിക്കുള്ളിൽ രണ്ട് അധികാരശക്തികൾ വളരാൻ ഇടയാക്കുമെന്നാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രധാന വാദം. ഈ വിഷയത്തിൽ ഇരുപക്ഷവും തമ്മിലുള്ള തർക്കം ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണ്.