21/11/2026
[fontresizer_tawhidurrahmandear_widget]

‘സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുണ്ടാവുന്നത് വരെ ഗ്യാനേഷിനെതിരായ പോരാട്ടം തുടരും’; ജയ്ഭീം വിളിച്ച് ദേശീയ പതാകയേന്തി ദീപ്‌കെ; റാലി നയിച്ച് പ്രകാശ് രാജ്: കൊച്ചിയില്‍ ജന്തര്‍ മന്തര്‍

 ‘സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുണ്ടാവുന്നത് വരെ ഗ്യാനേഷിനെതിരായ പോരാട്ടം തുടരും’; ജയ്ഭീം വിളിച്ച് ദേശീയ പതാകയേന്തി ദീപ്‌കെ; റാലി നയിച്ച് പ്രകാശ് രാജ്: കൊച്ചിയില്‍ ജന്തര്‍ മന്തര്‍

കൊച്ചി: ഇന്ത്യയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ലഭിക്കുന്നത് വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ. കൊച്ചിയിൽ സിജെപി അടക്കമുള്ള സംഘടനകൾ സംഘടിപ്പിക്കുന്ന ‘ജന്തർ മന്തർ അറ്റ് കൊച്ചി’ എന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഡൽഹിയിലെ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലായ ശേഷം അഭിജിത് ദീപ്കെ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാണിത്.

നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കീഴിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ സഹായിക്കുന്നതിനായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം നടക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് ധാരാളം ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിജെപിയിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളിൽ ഏറ്റവും കൂടുതലുള്ളത് കേരളത്തിൽ നിന്നാണെന്നും, വലിയൊരു വിഭാഗം യുവാക്കൾ കൊച്ചിയിലെ പ്രതിഷേധത്തിൽ പങ്കാളികളാകുമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘാടകരുടെയും നടൻ പ്രകാശ് രാജിന്റെയും ക്ഷണം സ്വീകരിച്ചാണ് താൻ കേരളത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയും എസ്.ഐ.ആർ റദ്ദാക്കലും ആവശ്യപ്പെട്ടാണ് കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മാർക്കറ്റ് റോഡിൽ നിന്ന് രാജേന്ദ്ര മൈതാനത്തേക്ക് നടന്ന പ്രതിഷേധ റാലിക്ക് മുൻനിരയിൽ നിന്ന് നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ് നേതൃത്വം നൽകി. നൂറുകണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. രാജേന്ദ്ര മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ ‘ജയ് ഭീം’ മുദ്രാവാക്യം മുഴക്കി ദേശീയ പതാക വീശിക്കൊണ്ടാണ് ദീപ്കെ വേദിയിലെത്തിയത്.

സി.ജെ.പി ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ്, മീഡിയ ഹെഡ് വിജയ് മല്ലംഗി, അവതാരകയും ആക്ടിവിസ്റ്റുമായ രഞ്ജിനി ഹരിദാസ് തുടങ്ങിയവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് ഷാജു, എസ്.എഫ്.ഐ നേതാവ് ശിൽപ സുരേന്ദ്രൻ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജെയിൻ ജെയ്സൺ, ഐസ നേതാവ് ഡാനിഷ് അലി തുടങ്ങിയ വിദ്യാർത്ഥി നേതാക്കളും ഈ പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഡൽഹി ജന്തർ മന്തറിൽ സമാനമായ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സി.ജെ.പി നേതാക്കൾ അറസ്റ്റിലായിരുന്നു. ഇതിന് ശേഷമുള്ള സംഘടനയുടെ ഏറ്റവും വലിയ ആദ്യത്തെ പ്രതിഷേധമാണ് കൊച്ചിയിൽ നടക്കുന്നത്.

Also read: