23/11/2026
[fontresizer_tawhidurrahmandear_widget]

‘ഇസ്രയേൽ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, വിദേശനയം ഇസ്രയേൽ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാകില്ല’; ഇസ്രയേൽ പിന്തുണ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രാഹുല്‍ ഗാന്ധി

 ‘ഇസ്രയേൽ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, വിദേശനയം ഇസ്രയേൽ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാകില്ല’; ഇസ്രയേൽ പിന്തുണ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് വിഷയത്തിൽ താൻ നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് വിശദീകരണം നൽകിയതായി മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി അറിയിച്ചു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും, ഗസ്സയിലെ ഇസ്രയേൽ സൈനിക നടപടികൾ തെറ്റാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കിയെന്ന് തുഷാർ ഗാന്ധി എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചു. ഇസ്രയേലുമായി ബന്ധപ്പെട്ട പ്രസ്താവനകളിലെ തന്റെ അഭിപ്രായത്തിന് മറുപടി നൽകിയതിന് രാഹുൽ ഗാന്ധിക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

ചിക്കാഗോ സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കവെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് വലിയ വിവാദത്തിന് വഴിവെച്ചത്. ഇന്ത്യയ്ക്ക് ഇസ്രയേലുമായി നല്ല ബന്ധമാണുള്ളതെന്നും അവരിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നത് നല്ല കാര്യമാണെന്നും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു. ഇസ്രയേലുമായി ശക്തമായ ബന്ധം നിലനിർത്തുന്നതിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും, സായുധ സേനയ്ക്ക് മികച്ച ആയുധങ്ങൾ വാങ്ങുന്നതടക്കമുള്ള തന്ത്രപരമായ താൽപ്പര്യങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇന്ത്യയുടെ വിദേശനയം മറ്റൊരു രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കല്ല, മറിച്ച് ഇന്ത്യയ്ക്ക് എന്താണ് നല്ലത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണമെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇസ്രയേലുമായുള്ള ബന്ധം ഗസയിലെ മൗനത്തിന് കാരണമാകരുതെന്നും, ഒക്ടോബർ ഏഴിന് നടന്ന ആക്രമണങ്ങളെയും നിരപരാധികളെ കൊന്നൊടുക്കിയതിനെയും അപലപിക്കുന്നതുപോലെ തന്നെ ഗസയിൽ ഇസ്രയേൽ ചെയ്ത കാര്യങ്ങളെയും അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കാനാവില്ലെന്നും, ഇസ്രയേലോ അമേരിക്കയോ റഷ്യയോ ചൈനയോ ആകട്ടെ, ആഗോളതലത്തിൽ ഇന്ത്യയുടെ അർഹമായ പങ്ക് വഹിക്കുന്നതിൽനിന്ന് ഒരു രാജ്യവും നമ്മളെ പിന്നോട്ട് വലിക്കരുതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ദീപങ്കർ ഭട്ടാചാര്യ തുടങ്ങിയ ഇടതുപക്ഷ നേതാക്കളും തുഷാർ ഗാന്ധിയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇസ്രയേലിന്റെ രൂപീകരണം അധാർമികവും നിയമവിരുദ്ധവുമാണെന്നും, സയണിസ്റ്റ് രാഷ്ട്രത്തെ അനുകൂലിക്കുന്നത് ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യമാണെന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ വിമർശനം. തന്ത്രപരമായ താൽപ്പര്യങ്ങൾ ഒരിക്കലും വംശഹത്യയ്ക്ക് മുകളിലാകരുതെന്നും, ഇസ്രയേലിന്റെ നടപടികളെ ഹമാസിന്റെ പ്രവർത്തനങ്ങളുമായി തുലനം ചെയ്യരുതെന്നും രാഹുൽ ഗാന്ധിയെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു.

വിമർശനങ്ങൾ ശക്തമായതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി തുഷാർ ഗാന്ധിയെ നേരിട്ട് ബന്ധപ്പെട്ടത്. ഇസ്രയേലുമായി പ്രതിരോധ ബന്ധമുണ്ടെങ്കിലും ഇന്ത്യയുടെ വിദേശനയം ഒരിക്കലും ഇസ്രയേൽ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാകില്ലെന്ന് രാഹുൽ ഉറപ്പുനൽകിയതായി ഫോൺ സംഭാഷണത്തിന് ശേഷം തുഷാർ ഗാന്ധി വ്യക്തമാക്കി. രാഹുലിന്റെ വിശദീകരണം സ്വീകരിച്ചെങ്കിലും, തെറ്റായി പ്രചരിച്ച വാക്കുകൾ മുസ്‌ലിം സമുദായത്തെ വല്ലാതെ വേദനിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ ഫലസ്തീനുള്ള പിന്തുണ പരസ്യമായി ആവർത്തിക്കുന്നതിനായി ഇന്ത്യയിലെ ഫലസ്തീൻ അംബാസഡറെ നേരിട്ട് കാണണമെന്നും തുഷാർ ഗാന്ധി രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു.

Also read: