‘മോദിജിക്കൊപ്പം ചേരൂ’; തൃണമൂൽ വിട്ട് മോദിക്കൊപ്പം നിൽക്കാൻ ഉപദേശിച്ചത് പ്രണബ് മുഖർജിയെന്ന് സുവേന്ദു അധികാരി
സുവേന്ദു അധികാരി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേരാൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തന്നെ ഉപദേശിച്ചിരുന്നതായി സുവേന്ദു അധികാരി. രാഷ്ട്രപതി ഭവനിൽ പ്രണബ് മുഖർജിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഇത്തരമൊരു ഉപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-ൽ ടി.എം.സി. വിട്ട് ബി.ജെ.പി.യിൽ ചേർന്ന സുവേന്ദു, പ്രണബ് മുഖർജിയുടെ മരണശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രണബ് മുഖർജിയെ തൻ്റെ ആദ്യകാല രാഷ്ട്രീയ ഉപദേശകനെന്നാണ് സുവേന്ദു വിശേഷിപ്പിച്ചത്. അദ്ദേഹത്തെ കാണാൻ രാഷ്ട്രപതി ഭവനിൽ പോയപ്പോഴാണ് ഈ തരത്തിൽ ഉപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ആലോചിക്കുക. ഒരു ജീവനക്കാരനായി തുടരാനാണ് ആഗ്രഹമെങ്കിൽ ഇവിടെത്തന്നെ തുടരാം. സ്വന്തംനിലയിൽ മുന്നോട്ടുപോവാനാണ് ആഗ്രഹമെങ്കിൽ മോദിജിക്കൊപ്പം ചേരുക” എന്നായിരുന്നു പ്രണബ് മുഖർജിയുടെ ഉപദേശമെന്ന് സുവേന്ദു അധികാരി പറയുന്നു.
അമ്മയും അനന്തരവനും നിയന്ത്രിക്കുന്ന ഒറ്റയാൾ പാർട്ടിയായാണ് തൃണമൂൽ കോൺഗ്രസിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നതെന്നും സുവേന്ദു പറഞ്ഞു. മാനേജിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമുള്ള ഒരു കമ്പനിയെപ്പോലെയായിരുന്നു അതിൻ്റെ പ്രവർത്തനം. താനും ആ പാർട്ടിയുടെ ഭാഗമായിരുന്നു. ഒരു ജീവനക്കാരനായി തുടരാൻ താത്പര്യമില്ലാത്തതിനാൽ പാർട്ടിവിട്ടു. രാഷ്ട്രീത്തിനപ്പുറം എല്ലാ ഇന്ത്യക്കാരും ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു പ്രണബെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ സംഭാഷണം കൃത്യമായി എപ്പോഴാണ് നടന്നതെന്ന് വെളിപ്പെടുത്താൻ സുവേന്ദു തയ്യാറായില്ല. അന്തരിച്ച നേതാവിനെക്കുറിച്ച് അനാവശ്യവിവാദമുണ്ടാക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. 2012 മുതൽ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന പ്രണബ് കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു. 2020 ഓഗസ്റ്റിൽ അന്തരിച്ചു.