‘600 വോട്ടുള്ള പ്രതിപക്ഷത്തെ വീഴ്ത്തി 400 വോട്ടുള്ള ബിജെപി സീറ്റ് പിടിക്കും; വോട്ടുകൾ കൂടാതെ തന്നെ ബിജെപിക്ക് ജയിക്കും’; മണ്ഡല പുനർനിർണയത്തിൽ ബിജെപിക്ക് ലഭിക്കുന്ന അട്ടിമറി നേട്ടം വിശദീകരിച്ച് അഭിജിത് ദീപ്കെ
ന്യൂഡൽഹി: മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുന്നതിലൂടെ പുതിയ വോട്ടുകൾ ഒന്നും നേടാതെ തന്നെ ഭരണകക്ഷിയായ ബിജെപിക്ക് എങ്ങനെ കൂടുതൽ സീറ്റുകൾ സ്വന്തമാക്കാനാകുമെന്ന് കണക്കുകൾ സഹിതം വിശദീകരിച്ച് സിജെപി നേതാവ് അഭിജിത് ദീപ്കെ. 2029-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 33 ശതമാനം വനിതാ സംവരണത്തോടൊപ്പം ഓരോ സംസ്ഥാനത്തും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനുള്ള മണ്ഡല പുനർനിർണയ ബില്ലുകൾ നവംബർ 30-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കെയാണ് ദിപ്കെയുടെ ഈ വിശകലനം. പ്രതിപക്ഷത്തെ പ്രമുഖ കക്ഷികളായ ഡി.എം.കെയും എൻ.സി.പിയും (ശരദ് പവാർ വിഭാഗം) ബില്ലിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഈ നീക്കം പ്രതിപക്ഷത്തിന് എങ്ങനെ തിരിച്ചടിയാകുമെന്ന് അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
‘മണ്ഡല പുനർനിർണയം: പുതിയ വോട്ടുകൾ നേടാതെ തന്നെ ബിജെപിക്ക് എങ്ങനെ കൂടുതൽ സീറ്റുകൾ നേടാം’ എന്ന തലക്കെട്ടിലാണ് അഭിജിത് ദിപ്കെ തന്റെ കണക്കുകൾ അവതരിപ്പിച്ചത്. ഉദാഹരണമായി, 1,000 വോട്ടർമാരുള്ള ഒരു മണ്ഡലത്തിൽ ബിജെപിക്ക് 400 വോട്ടും പ്രതിപക്ഷത്തിന് 600 വോട്ടും ലഭിച്ചാൽ നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷം ആ സീറ്റിൽ വിജയിക്കും. എന്നാൽ മണ്ഡല പുനർനിർണയത്തിലൂടെ ഈ മണ്ഡലത്തെ 500 വോട്ടർമാർ വീതമുള്ള രണ്ട് മണ്ഡലങ്ങളായി വിഭജിച്ചാൽ ചിത്രം മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിഭജനത്തിന് ശേഷം ഒന്നാമത്തെ സീറ്റിൽ ബിജെപിക്ക് 260 വോട്ടും പ്രതിപക്ഷത്തിന് 240 വോട്ടും ലഭിക്കുകയും ബിജെപി അവിടെ വിജയിക്കുകയും ചെയ്യും. രണ്ടാമത്തെ സീറ്റിൽ ബിജെപിക്ക് 140 വോട്ടും പ്രതിപക്ഷത്തിന് 360 വോട്ടും ലഭിച്ച് പ്രതിപക്ഷവും ജയിക്കും. അതായത്, ആകെ ഫലം വരുമ്പോൾ ബിജെപിക്കും പ്രതിപക്ഷത്തിനും ഓരോ സീറ്റ് വീതം ലഭിക്കും.
വോട്ടർമാരോ അവരുടെ വോട്ടിംഗ് രീതിയോ ഒട്ടും മാറാതെ തന്നെ, മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റിവരയ്ക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് ഫലം മാറിമറിയുമെന്ന് ദിപ്കെ വിശദീകരിച്ചു. ഈ വിഭജനത്തിലൂടെ പ്രതിപക്ഷത്തിന് തങ്ങളുടെ പഴയ ഒരു സീറ്റ് നിലനിർത്താനാകുമെന്നും, ഒരുപക്ഷേ ഇക്കാരണത്താലാകാം ചില പ്രതിപക്ഷ പാർട്ടികൾ മണ്ഡല പുനർനിർണയത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, മുൻപ് ഒരൊറ്റ സീറ്റുപോലും ഇല്ലാതിരുന്ന ഇടത്ത് ബിജെപിക്ക് പുതിയൊരു സീറ്റ് ലഭിക്കുന്നു എന്ന യാഥാർത്ഥ്യം പ്രതിപക്ഷം തിരിച്ചറിയേണ്ടതുണ്ടെന്നും, വരും തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ഇതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഭിജിത് ദിപ്കെയുടെ അഭിപ്രായത്തെ പൂർണ്ണമായി പിന്തുണച്ച സി.ജെ.പി നേതാവ് അശുതോഷ് രങ്കയും ബില്ലിനെതിരെ രംഗത്തെത്തി. മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ പാസായാൽ ഗ്യാനേഷ് കുമാർ ആയിരിക്കും ഇന്ത്യയുടെ മുഴുവൻ തെരഞ്ഞെടുപ്പ് അതിർത്തികളും മാറ്റിവരയ്ക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ എങ്ങനെയാണ് നീതിയുക്തമായ മണ്ഡല പുനർനിർണയം എന്ന് വിളിക്കാനാകുകയെന്നും അശുതോഷ് രങ്ക ചോദിച്ചു.