പ. ബംഗാളില്‍ ബിജെപി നേതാവ് പശുക്കടത്ത് കേസില്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗാവിലാണു സംഭവം. ബംഗാവ് സൗത്ത് നിയമസഭാ മണ്ഡലത്തിലെ ബിജെപി 77-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റായ പരിതോഷ് മഹല്ദാറിനെയാണ് പോലീസ് പിടികൂടിയതെന്ന് ബംഗാളി ദിനപ്പത്രമായ ‘ആനന്ദബാസാര്‍ പത്രിക’ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രി പഴയ ബംഗാവ് മേഖലയില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത പശുക്കടത്ത് കേസിലെ പ്രതിയാണ് പരിതോഷ്. ഈ കേസില്‍ ഇയാള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും, പിന്നീട് വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ആനന്ദബാസാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ സഹകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നാണ് ബംഗാവ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.
സംഭവം ഇതിനകം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി നേതാക്കള്‍ നേരിട്ട് പങ്കാളികളാകുന്നു എന്നതിന്റെ തെളിവാണ് ഈ അറസ്റ്റെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തങ്ങളുടെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.