‘വലിയ ശതകോടീശ്വരന്മാര്‍ക്ക് വേണ്ടി നിയമങ്ങള്‍ മാറ്റിയെഴുതുന്നു’; മോദിക്കും അദാനിക്കും എതിരെ അര്‍ണാബ് ഗോസ്വാമി
ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി കേന്ദ്ര സര്‍ക്കാരിനും വ്യവസായി ഗൗതം അദാനിക്കുമെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. ആരവല്ലി മലനിരകളുടെ നാശവും രാജ്യത്തെ വായു മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് അര്‍ണാബ് റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചകളിലൂടെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുപ്രീം കോടതിയെയും കടന്നാക്രമിച്ചത്.
അദാനിക്കെതിരെ പരോക്ഷ വിമര്‍ശനം: 1.3 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ആരവല്ലി മലനിരകള്‍ വന്‍കിട ബിസിനസുകാര്‍ ലാഭത്തിന് വേണ്ടി തകര്‍ക്കുകയാണെന്ന് അര്‍ണാബ് ആരോപിച്ചു. അദാനി ഗ്രൂപ്പിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, ‘വലിയ ശതകോടീശ്വരന്മാര്‍ക്ക് വേണ്ടി നിയമങ്ങള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് ആരവല്ലി മലനിരകള്‍ ഇടിച്ചുനിരത്തുകയാണ്. കോടികള്‍ ഉണ്ടാക്കാന്‍ വേണ്ടി പ്രകൃതിയെ തകര്‍ക്കാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്?’-അദ്ദേഹം കുറ്റപ്പെടുത്തി. കോടിക്കണക്കിന് രൂപയുണ്ടാക്കാന്‍ വേണ്ടി നടത്തുന്ന ഈ വികസനം ഭാവിയില്‍ വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മോദിക്ക് നേരെ ചോദ്യം: ‘രാജ്യം ഒരു ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയാണ്? എന്തുകൊണ്ട് അദ്ദേഹം ഇതില്‍ ഇടപെടുന്നില്ല? 30 കോടി ജനങ്ങളുടെ ജീവന്‍ വെച്ചാണ് കളിക്കുന്നത്. ഞങ്ങള്‍ക്ക് വേണ്ടത് നേതൃത്വമാണ്, മൗനമല്ല.’

മന്ത്രിക്കായി ഒഴിഞ്ഞ കസേര: പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ചര്‍ച്ചയ്ക്ക് വരാതിരുന്നതിനെത്തുടര്‍ന്ന് സ്റ്റുഡിയോയില്‍ ‘ഒഴിഞ്ഞ കസേര’ ഇട്ടായിരുന്നു അര്‍ണാബിന്റെ പ്രതിഷേധം. മന്ത്രിമാര്‍ക്ക് ജനങ്ങളോട് പുച്ഛമാണെന്നും പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ പ്രതികരണം:
അര്‍ണാബിന്റെ ഈ മനംമാറ്റം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്ഥിരമായി കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുന്ന ‘ഗോദി മീഡിയ’യുടെ ഭാഗമായി അറിയപ്പെട്ടിരുന്ന അര്‍ണാബിന്റെ പെട്ടെന്നുള്ള ഈ മാറ്റത്തെ സംശയത്തോടെയാണ് പലരും നോക്കിക്കാണുന്നത്. ‘പേയ്മെന്റ് വൈകിയതുകൊണ്ടാണോ ഈ മാറ്റം?’ എന്ന രീതിയിലുള്ള പരിഹാസങ്ങളും എക്‌സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിറയുന്നുണ്ട്. കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞപ്പോള്‍ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമാണിതെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
ബിജെപി ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ അര്‍ണാബിന്റെ നിലപാടിനെ സ്വാഗതം ചെയ്തു.