നിയമസഭ തെരഞ്ഞെടുപ്പ്: നേരത്തെ കളത്തിലിറങ്ങി യുഡിഎഫ് ; സീറ്റ് വിഭജനം ഉടന്‍, മണ്ഡലങ്ങളില്‍ പ്രത്യേക തന്ത്രം
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കങ്ങള്‍ നേരത്തെയാക്കാന്‍ യുഡിഎഫ് തീരുമാനം. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും വൈകാതെ പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് മേല്‍ക്കൈ നേടാനാണ് മുന്നണിയുടെ നീക്കം. ഇതിന്റെ ഭാഗമായി നാളെ ചേരുന്ന യുഡിഎഫ് യോഗം നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും.
മണ്ഡലങ്ങളെ സവിശേഷതകള്‍ക്കനുസരിച്ച് മൂന്നായി തരംതിരിച്ചായിരിക്കും യുഡിഎഫിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് തന്ത്രം.
വിഭാഗം 1: യുഡിഎഫിന് ഉറപ്പായും വിജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങള്‍.
വിഭാഗം 2: ശക്തമായ പോരാട്ടം കാഴ്ചവെച്ചാല്‍ പിടിച്ചെടുക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍.
വിഭാഗം 3: വിജയസാധ്യത താരതമ്യേന കുറഞ്ഞ മണ്ഡലങ്ങള്‍.
ഓരോ വിഭാഗത്തിനും പ്രത്യേക പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കി വോട്ടര്‍മാരെ സമീപിക്കാനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും ലക്ഷ്യമിടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുന്നണിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിനേക്കാള്‍ 5.36 ശതമാനം അധികം വോട്ട് യുഡിഎഫ് നേടിയിട്ടുണ്ട്. യുഡിഎഫ് 38.81% വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിന് 33.45 ശതമാനമേ നേടാനായുള്ളൂ. വോട്ട് വിഹിതത്തില്‍ ഏകദേശം 11.38 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. എന്‍ഡിഎ 14.71 ശതമാനം വോട്ട് നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ കമ്മീഷണര്‍ എ. ഷാജഹാനെ ഗവര്‍ണര്‍ അഭിനന്ദിച്ചു.