‘സാംസ്കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരൂ’-നാക്കുപിഴയില്‍ അമിത് ഷായോട് തൃണമൂല്‍ കോണ്‍ഗ്രസ്
അമിത് ഷാ, മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നാക്കുപിഴയില്‍ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രവീന്ദ്രനാഥ ടാഗോറിനെ വിപ്ലവകാരി സചീന്ദ്രനാഥ് സന്യാലുമായി കൂട്ടിക്കുഴച്ച് ‘രവീന്ദ്രനാഥ സന്യാല്‍’ എന്ന് അമിത് ഷാ വിളിച്ചതായാണ് ടിഎംസിയുടെ ആരോപണം. ഇതിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് രൂക്ഷമായ പരിഹാസമാണ് ടിഎംസി എക്സിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. സാംസ്കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
‘രവീന്ദ്രനാഥ സന്യാലോ? അല്ല മിസ്റ്റര്‍ അമിത് ഷാ, അത് രവീന്ദ്രനാഥ ടാഗോര്‍ ആണ്. സചീന്ദ്രനാഥ് സന്യാല്‍ എന്നത് മറ്റൊരു മഹദ് വ്യക്തിത്വമാണ്. രണ്ടുപേരും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. പക്ഷേ നിങ്ങള്‍ക്ക് ആ വ്യത്യാസം എങ്ങനെ അറിയാനാണ്? സാംസ്കാരിക സാക്ഷരതയില്ലാത്ത ‘പുറത്തുനിന്നുള്ള ആള്’ (Bohiragoto) ആണ് നിങ്ങള്‍. ഞങ്ങളുടെ ഇതിഹാസങ്ങളെ വികൃതമാക്കുന്നത് നിര്‍ത്തൂ. സ്വയം അപഹാസ്യനാകാതിരിക്കൂ.’-ടിഎംസി തങ്ങളുടെ ഔദ്യോഗിക പേജില്‍ കുറിച്ചു. ഗൃഹപാഠം ചെയ്തിട്ട് വരണമെന്നും ബംഗാളിന്റെ ഇതിഹാസങ്ങളെ അപമാനിക്കരുതെന്നും പോസ്റ്റില്‍ പറയുന്നു.
കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ അമിത് ഷാ സംസാരിക്കുന്ന 8 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ടിഎംസി പങ്കുവെച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ റിപബ്ലിക്കന്‍ അസോസിയേഷന് സ്ഥാപകനായ വിപ്ലവകാരിയാണ് സചീന്ദ്രനാഥ് സന്യാല്‍. ഇദ്ദേഹത്തെയും ടാഗോറിനെയും അമിത് ഷാ തെറ്റായി പരാമര്‍ശിച്ചുവെന്നാണ് ആക്ഷേപം.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബംഗാളില്‍ ബിജെപി നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഈ വിവാദം. ബിജെപി നേതാക്കള്‍ക്ക് ബംഗാളിന്റെ സംസ്കാരത്തെക്കുറിച്ച് അറിവില്ലെന്നും അവര്‍ ‘പുറത്തുനിന്നുള്ളവര്‍’ ആണെന്നുമാണെന്നുമാണ് തൃണമൂല്‍ ആരോപിക്കുന്നത്. പാര്‍ലമെന്റില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ പേര് തെറ്റായി ഉച്ചരിച്ചതിന് പ്രധാനമന്ത്രി മോദിക്കെതിരെയും നേരത്തെ ടിഎംസി വിമര്‍ശനം ഉന്നയിച്ചിരുന്നു.
’സമൂസയെ കുറിച്ചുള്ള ചോദ്യം നിർത്തി ബിജെപിയോട് നേർക്കുനേർ ചോദ്യങ്ങൾ...
1 hour ago