17/06/2026
[fontresizer_tawhidurrahmandear_widget]

നടുക്കടലില്‍ നാടകീയ നീക്കം; വെനസ്വേലയിലേക്ക് തിരിച്ച റഷ്യന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക

 നടുക്കടലില്‍ നാടകീയ നീക്കം; വെനസ്വേലയിലേക്ക് തിരിച്ച റഷ്യന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക

വാഷിങ്ടണ്‍: വെനസ്വേല-യുഎസ് സംഘര്‍ഷത്തിലേക്ക് റഷ്യയും. വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെനസ്വേല ബന്ധമുള്ള റഷ്യന്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം പിടിച്ചെടുത്തു. ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനും പിന്തുടരലിനും ഒടുവിലാണ് ‘മാരിനേര’ എന്ന കപ്പല്‍ യുഎസ് കോസ്റ്റ് ഗാര്‍ഡും സൈന്യവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. വെനസ്വേലയ്ക്കെതിരായ ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്നുവെന്നാരോപിച്ചാണ് നടപടി.

അറ്റ്ലാന്റിക് സമുദ്രത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കപ്പലിലിറങ്ങിയാണ് യുഎസ് സൈനികര്‍ നിയന്ത്രണം ഏറ്റെടുത്തതെന്ന് റഷ്യന്‍ മാധ്യമമായ ആര്‍ടി റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ പിടിച്ചെടുത്ത വിവരം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. അനധികൃതമായി വെനസ്വേലന്‍ എണ്ണ കടത്തുന്നതിനെതിരായ ഉപരോധം ലോകത്തെവിടെയായാലും പൂര്‍ണമായി നടപ്പാക്കുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

മുമ്പ് ‘ബെല്ല-1’ എന്നറിയപ്പെട്ടിരുന്ന ഈ കപ്പല്‍, വെനസ്വേല, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കടത്തുന്നതിനായി ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റ്’ അല്ലെങ്കില്‍ നിഴല്‍ കപ്പല്‍പ്പടയുടെ ഭാഗമാണെന്നാണ് അമേരിക്കയുടെ ആരോപണം. യുഎസ് ഉപരോധം മറികടന്നാണ് ഈ കപ്പലുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ കരീബിയന്‍ കടലില്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് ഈ കപ്പല്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ജീവനക്കാര്‍ അത് തടയുകയും അറ്റ്ലാന്റിക്കിലേക്ക് നീങ്ങുകയുമായിരുന്നു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് സൈന്യം കസ്റ്റഡിയിലെടുത്ത സംഭവത്തിന് പിന്നാലെയാണ് കപ്പല്‍ പിടിച്ചെടുക്കല്‍ എന്നത് ശ്രദ്ധേയമാണ്. മദുറോയെ പിടികൂടുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം മുതല്‍ തന്നെ യുഎസ് സൈന്യം ഈ കപ്പലിനെ പിന്തുടരുന്നുണ്ടായിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കപ്പല്‍ പിടിച്ചെടുക്കുന്ന സമയത്ത് റഷ്യന്‍ അന്തര്‍വാഹിനിയും യുദ്ധക്കപ്പലും പരിസരത്തുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, കപ്പല്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലായിരുന്നുവെന്നും അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ പാലിച്ചാണ് സഞ്ചരിച്ചിരുന്നതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങള്‍ കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം മാനിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ലെബനനിലെ ഹിസ്ബുല്ലയുമായി ബന്ധമുള്ള കമ്പനിക്ക് വേണ്ടി ചരക്ക് കടത്തിയെന്നാരോപിച്ച് 2024ല്‍ അമേരിക്ക ഈ കപ്പലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

യുഎസ് നടപടിയെ റഷ്യ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍, കപ്പല്‍ പിടിച്ചെടുക്കുന്നത് തടയാന്‍ കൊടുങ്കാറ്റിനിടയിലും ശ്രമങ്ങള്‍ നടന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഐസ്ലന്‍ഡിന്റെ സാമ്പത്തിക മേഖലയ്ക്ക് സമീപത്തുവെച്ചാണ് ഇപ്പോള്‍ കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്.

സംഭവം അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ, സംഭവം ഒരുപക്ഷേ വെനസ്വേലന്‍ സംഘര്‍ഷത്തിലേക്ക് റഷ്യയെ നേരിട്ടു വലിച്ചിഴയ്ക്കാനും ഇടയാക്കിയേക്കും. വെനസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങളും എണ്ണ വിപണിയിലെ താല്‍പര്യങ്ങളും കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Also read: