28/03/2026
[fontresizer_tawhidurrahmandear_widget]

പട്ടിക്കാട് ജാമിഅ നൂരിയ്യ 63-ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

 പട്ടിക്കാട് ജാമിഅ നൂരിയ്യ 63-ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

മലപ്പുറം: ദക്ഷിണേന്ത്യയിലെ ഇസ്ലാമിക വൈജ്ഞാനിക ഗോപുരമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63-ാം വാര്‍ഷിക 61-ാം സനദ് ദാന സമ്മേളനത്തിന് ഫൈസാബാദില്‍ പ്രൗഢോജ്ജ്വല തുടക്കം. ആയിരക്കണക്കിന് വിശ്വാസികളെയും പണ്ഡിത വിദ്യാര്‍ത്ഥികളെയും സാക്ഷിനിര്‍ത്തി ജാമിഅ നൂരിയ്യ പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആത്മീയ-വൈജ്ഞാനിക സംഗമത്തിന് ഔദ്യോഗിക തുടക്കമായി.

വൈകീട്ട് നടന്ന ഉദ്ഘാടന സമ്മേളനം ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല അബു ഷാവേഷ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന ഉദ്ഘാടന സമ്മേളനം ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല അബു ഷാവേഷ് ഉദ്ഘാടനം ചെയ്തു. വിജ്ഞാനവും വിവേകവും കൈമുതലാക്കിയ പണ്ഡിത സമൂഹത്തിന് മാത്രമേ ലോകത്ത് നീതിയും സമാധാനവും ഉറപ്പുവരുത്താന്‍ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകള്‍ കൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാകേന്ദ്രങ്ങളിലൊന്നായി മാറിയ വൈജ്ഞാനിക കേന്ദ്രമാണ് ജാമിഅ നൂരിയ്യയെന്നും അംബാസഡര്‍ പറഞ്ഞു.

ഫലസ്തീന് കേരളവും ഈ സ്ഥാപനവും നല്‍കുന്ന ഐക്യദാര്‍ഢ്യത്തിന് നന്ദി രേഖപ്പെടുത്തുന്നു. പോരാട്ടവീര്യത്തിനിടയിലും ഫലസ്തീനികളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. ഫലസ്തീന്‍ വിഷയം രാഷ്ട്രീയ വിഷയം മാത്രമല്ല, മാനുഷികവും ധാര്‍മികവുമായ പ്രശ്‌നം കൂടിയാണെന്ന് അബ്ദുല്ല അബു ഷാവേഷ് പറഞ്ഞു.

”ഒരു നൂറ്റാണ്ടുമുന്‍പ് ബ്രിട്ടീഷുകാര്‍ ഞങ്ങളുടെ ഭൂമി ജൂതന്മാര്‍ക്ക് സമ്മാനിച്ചതോടെയാണ് ഫലസ്തീനികളുടെ ദുരിതം തുടങ്ങിയത്. അന്നത്തെ ബാല്‍ഫര്‍ പ്രഖ്യാപനമാണ് ഞങ്ങളുടെ യാതനകള്‍ക്കു തുടക്കമിട്ടത്. ഇന്ത്യയ്ക്കു സമാനമായൊരു ചരിത്രം ഞങ്ങളും പങ്കിടുന്നുണ്ട്. നിങ്ങളുടെ അധിനിവേശകരാണ് ഞങ്ങള്‍ക്കു നേരെയും അധിനിവേശം നടത്തിയത്. അന്നുമുതല്‍ സമാധാനമാര്‍ഗത്തിലൂടെയും സൈനികമായും അടിച്ചമര്‍ത്തലുകളോട് പോരാടിക്കൊണ്ടിരിക്കുകയാണ് ഫലസ്തീനികള്‍.

എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല എന്നതാണു സത്യം. രണ്ടു വര്‍ഷമായി ഗസ്സയില്‍ നടക്കുന്ന വംശഹത്യ കണ്ടിട്ടും അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയായിരുന്നു. പടിഞ്ഞാറന്‍ മാധ്യമങ്ങളെല്ലാം ഫലസ്തീനികള്‍ക്കെതിരെയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് വലിയൊരു രാജ്യത്തിന്റെ പ്രസിഡന്റ് മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. ഗസ്സയില്‍ സംഭവിച്ചത് ലോകത്തിന്റെ മറ്റിടങ്ങളിലും ആവര്‍ത്തിക്കുകയാണ്.”

നിങ്ങള്‍ ഫലസ്തീനെ പിന്തുണയ്ക്കുകയും ഫലസ്തീനെ കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ കൂടി ഭാവിയാണു സുരക്ഷിതമാക്കുന്നതെന്നും അംബാസഡര്‍ അബ്ദുല്ല അബു ഷാവേഷ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ വൈകീട്ട് 4.15-ന് ജാമിഅ നൂരിയ്യ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. സമ്മേളനത്തിന് മുന്നോടിയായി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാം സിയാറത്ത് നടന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ അതിഥികളായി. പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എ റഹ്മാന്‍ ഫൈസി, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, കെ.പി.എ മജീദ്, യു.എ ലത്തീഫ്, കൂടാതെ നാലകത്ത് സൂപ്പി, എം.സി മായിന്‍ ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, ഹബീബ് ഫൈസി കോട്ടോപ്പാടം, എം.പി.എം ശരീഫ് കുരിക്കള്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു. സയ്യിദ് ആദില്‍ ജിഫ്രി നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ വെച്ച് ജാമിഅയുടെ ഉപഹാരമായ ‘അല്‍ മുനീര്‍’ പ്രകാശനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ നെമിനി ആദ്യ പ്രതി ഏറ്റുവാങ്ങി. ചീഫ് എഡിറ്റര്‍ സജ്ജാദ് മേല്‍മുറി പുസ്തകം പരിചയപ്പെടുത്തി.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന ‘ഹലാവ അവാര്‍ഡിങ്’ സെഷനില്‍ ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന എസ്.കെ.എം.എം.എ നേതൃസംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ സെഷനുകള്‍ അരങ്ങേറും. ശനിയാഴ്ച അക്കാദമിക് കോണ്‍ഫറന്‍സ്, മഹല്ല് സ്‌ക്വാഡ് മീറ്റ്, ദക്ഷിണ കേരള സംഗമം, കന്നഡ സംഗമം തുടങ്ങിയവ നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സനദ്ദാന, സമാപന മഹാസമ്മേളനം മൊറോക്കന്‍ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് മാലികി ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ്ദാന പ്രഭാഷണം നടത്തും.

Also read: