01/04/2026
[fontresizer_tawhidurrahmandear_widget]

‘ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനില്ല’; സൈനിക നീക്കത്തിനില്ലെന്ന് വ്യക്തമാക്കി അമേരിക്ക

 ‘ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനില്ല’; സൈനിക നീക്കത്തിനില്ലെന്ന് വ്യക്തമാക്കി അമേരിക്ക

ഡൊണാള്‍ഡ് ട്രംപും മൈക്ക് ഹക്കബിയും

വാഷിങ്ടണ്‍/തെല്‍ അവീവ്: ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാനോ ഭരണമാറ്റം വേഗത്തിലാക്കാനോ തങ്ങള്‍ക്കു പദ്ധതിയില്ലെന്ന് അമേരിക്ക. ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ഇറാനിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ‘സ്‌കൈ ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ഹക്കബി ഭരണകൂടത്തിന്റെ നിലപാട് മാറ്റം വെളിപ്പെടുത്തിയത്. ‘ഭരണമാറ്റം വേഗത്തിലാക്കാന്‍ അമേരിക്ക സജീവമായി ഇടപെടുന്നില്ല. അത് ഇറാനിയന്‍ ജനതയോടുള്ള ബഹുമാനത്തിന്റെ വിഷയമാണ്. സ്വന്തം ജനങ്ങളെ ഭരണകൂടം കൊലപ്പെടുത്തരുത് എന്നാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്,’ മൈക്ക് ഹക്കബി പറഞ്ഞു.

നിലവില്‍ ഇറാനിലേക്ക് സൈനിക നീക്കം നടത്താന്‍ അമേരിക്കയോ ഇസ്രായേലോ പദ്ധതിയിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ ഇപ്പോള്‍ യുദ്ധത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ 500ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ ആരോപിക്കുമ്പോഴും, നേരിട്ടുള്ള സൈനിക ഇടപെടലിലേക്ക് നീങ്ങാന്‍ അമേരിക്കയ്ക്ക് ഉദ്ദേശ്യമില്ലെന്നാണ് അംബാസഡറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിട്ട് 90 മണിക്കൂറിലധികമായി. ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചെങ്കിലും കൃത്യമായ സമയം വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ, യൂറോപ്യന്‍ പാര്‍ലമെന്റ് ഇറാനിയന്‍ നയതന്ത്രജ്ഞരെ തങ്ങളുടെ പരിസരത്തുനിന്ന് വിലക്കിയതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

Also read: