‘താങ്കളെ നിശബ്ദനാക്കാന്‍ ബിജെപി ഗുണ്ടകളെ അനുവദിക്കില്ല’; എ.ആര്‍ റഹ്മാന് പിന്തുണയുമായി മഹുവ മൊയ്ത്ര
എ.ആര്‍ റഹ്മാന്‍, മഹുവ മൊയ്ത്ര
ന്യൂഡല്‍ഹി: ബോളിവുഡിലെ വര്‍ഗീയ വിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എ.ആര്‍ റഹ്മാനെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ, സംഗീത സംവിധായകന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹുവ രംഗത്തെത്തിയത്.
റഹ്മാനെ നിശബ്ദനാക്കാനാണ് ശ്രമം നടക്കുന്നതെന്നും, എന്നാല്‍ അതിന് വഴങ്ങരുതെന്നും മഹുവ കുറിച്ചു. ‘പ്രിയപ്പെട്ട റഹ്മാന്‍, ഇന്ത്യ താങ്കളുടെ മാതാവാണ്. താങ്കളെക്കൊണ്ട് സലാം പറയിപ്പിക്കാന്‍ ആ അമ്മയ്ക്ക് ബിജെപി ഗുണ്ടകളുടെ ആവശ്യമില്ല. താങ്കളെ നിശബ്ദനാക്കാന്‍ അനുവദിക്കില്ല’-മഹുവ എക്‌സില്‍ കുറിച്ചു.
ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ഹിന്ദി സിനിമകളില്‍ അവസരം കുറയുന്നതിനെക്കുറിച്ച് റഹ്മാന്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ, ബോളിവുഡിലെ മതപരമായ ചേരിതിരിവ് ഉണ്ടെന്നും അതാകും അവസരങ്ങള്‍ കുറയാന്‍ കാരണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സാംസ്‌കാരികബോധമില്ലാത്തവരാണ് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റഹ്മാന്റെ വാക്കുകള്‍ ബിജെപി അനുകൂല കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചു.
റഹ്മാന്‍ ഇരവാദം കളിക്കുകയാണെന്നും ഹിന്ദു വിരുദ്ധ നിലപാടുള്ള സിനിമകളെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ച് വലതുപക്ഷ പ്രൊഫൈലുകളും രംഗത്തെത്തി. സംഭവം വിവാദമായതോടെ, ‘ഇന്ത്യ എന്റെ പ്രചോദനവും അധ്യാപികയും വീടുമാണ്’ എന്ന് വ്യക്തമാക്കി റഹ്മാന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു.
മഹുവയുടെ ട്വീറ്റിന്റെ പൂര്‍ണരൂപം:
‘പ്രിയപ്പെട്ട എ.ആര്‍ റഹ്മാന്‍, ഇന്ത്യ നിങ്ങളുടെ മാതാവാണ്. താങ്കളെക്കൊണ്ട് സലാം പറയിപ്പിക്കാന്‍ ആ മാതാവിന് ബിജെപി ഗുണ്ടകളുടെ ആവശ്യമില്ല. ഉമര്‍ (ഖാലിദ്) ജയിലിലാണ്. അലി ഖാന്‍ മഹ്മുദാബാദിനെ അവര്‍ മാനസികമായി തകര്‍ത്തു. അഖ്ലാഖ് കൊല്ലപ്പെട്ടു. പക്ഷേ, താങ്കളെ നിശബ്ദനാക്കാന്‍ അനുവദിക്കില്ല. എഡ് സള്ളിവനും മുഹമ്മദ് അലിയും താരങ്ങളായിരുന്നു, എന്നിട്ടും അവര്‍ തലയുയര്‍ത്തി നിന്ന് അതിജീവിച്ചു. വന്ദേമാതരം.’