01/04/2026
[fontresizer_tawhidurrahmandear_widget]

‘ഉടൻ വരുന്നു; ചെങ്കടലിൽ വീണ്ടും രക്തം ചിന്തും’-അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണിയുമായി ഹൂത്തികൾ

 ‘ഉടൻ വരുന്നു; ചെങ്കടലിൽ വീണ്ടും രക്തം ചിന്തും’-അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണിയുമായി ഹൂത്തികൾ

സൻആ: ഇറാൻ-അമേരിക്ക സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, പശ്ചിമേഷ്യയെ കൂടുതൽ യുദ്ധഭീതിയിലാഴ്ത്തി ഹൂത്തികളും രംഗത്ത്. ചെങ്കടലിൽ യുഎസ് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂത്തികൾ ഭീഷണി മുഴക്കി. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാന് ലക്ഷ്യമിട്ട് നീങ്ങുന്നതിനിടെയാണ് ഇറാന്റെ സഖ്യകക്ഷിയായ ഹൂത്തികൾ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് ഹൂത്തികൾ പുറത്തുവിട്ട ഒരു ഹ്രസ്വ വീഡിയോയിലാണ് പുതിയ ആക്രമണത്തിന്റെ സൂചനയുള്ളത്. കപ്പലുകൾ തീപിടിച്ചു കത്തുന്ന ദൃശ്യങ്ങൾക്കൊപ്പം ‘ഉടൻ’ എന്നൊരു കുറിപ്പും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേൽ-ഹമാസ് യുദ്ധകാലത്ത് ചെങ്കടലിലൂടെയുള്ള നൂറിലധികം കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തിയിരുന്നു. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഈ ആക്രമണങ്ങൾ നിർത്തിവെച്ചിരുന്നെങ്കിലും, ആവശ്യമെങ്കിൽ വീണ്ടും ആയുധമെടുക്കുമെന്ന് അവർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ കപ്പൽപ്പടയുടെ സാന്നിധ്യം മേഖലയിൽ വർധിച്ച സാഹചര്യത്തിലാണ് ഹൂത്തികൾ വീണ്ടും സജീവമാകുന്നത്.

നേരത്തെ, ഹൂത്തികളെ തുരത്താനായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ സഖ്യകക്ഷികളുമായി ചേർന്ന് ചെങ്കടലിൽ അമേരിക്ക നടത്തിയ സംയുക്ത ഓപറേഷൻ പരാജയമായിരുന്നു. ബൈഡൻ ഭരണകാലത്തെ പരാജയപ്പെട്ട സൈനിക നടപടിക്കുശേഷം ട്രംപ് അധികാരമേറ്റയുടനും മറ്റൊരു നീക്കം നടത്തി. പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രമായ സെന്റ്‌കോമിന്റെ മേൽനോട്ടത്തിൽ ഹൂത്തികൾക്കെതിരെ യുഎസ് വൻ ഓപറേഷൻ ആരംഭിച്ചു. എന്നാൽ, ഇത്തവണയും പരാജയം തന്നെയായിരുന്നു ഫലം.

ആഴ്ചകളും മാസങ്ങളും നീണ്ടിട്ടും ചെങ്കടലിലെ ഹൂത്തി ആക്രമണങ്ങളെ തടയാനാകാതെ പോയതോടെ ട്രംപ് തന്നെ ഓപറേഷൻ നിർത്തിവയ്ക്കാൻ സൈന്യത്തിന് നിർദേശം നൽകുകയായിരുന്നു. ഒടുവിൽ, പരസ്പരം ആക്രമണമുണ്ടാകില്ലെന്ന ധാരണയോടെ അമേരിക്കയും ഹൂത്തികളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും അസാധാരണമായിരുന്നു. എന്നാൽ, ഇതേസമയം ഇസ്രയേലിനെതിരായ ഓപറേഷൻ ഹൂത്തികൾ തുടരുകയും ചെയ്തു. ഇതിന് അമേരിക്ക എതിർപ്പ് പറഞ്ഞതുമില്ലെന്നതാണു ശ്രദ്ധേയം.

ഒടുവിൽ, ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമാണ് ഹൂത്തികൾ ഓപറേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഫലസ്തീനികൾക്കെതിരായ ആക്രമണം തുടർന്നാൽ ഭാവിയിൽ ചെങ്കടൽ ഓപറേഷൻ പുനരാരംഭിക്കേണ്ടവരുമെന്നും ഇതോടൊപ്പം മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം, അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഇറാൻ തീരത്തേക്ക് അടുക്കുന്നതിൽ ഇറാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ഇറാൻ തങ്ങളുടെ വ്യോമപാതയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വകാര്യ വിമാനങ്ങൾ പറക്കുന്നത് നിരോധിച്ച ഇറാൻ, എണ്ണ വ്യവസായത്തിനും അത്യാഹിത വിഭാഗങ്ങൾക്കും മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങളും ആണവനിലയങ്ങളും മുൻപ് തകർത്തതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം.

Also read: