സ്വർണവിലയിൽ വൻ ഇടിവ്: ഒറ്റദിവസം കുറഞ്ഞത് 5,240 രൂപ! പവൻ 1,25,120 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 5,240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി താഴ്ന്നു. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവൻ വില 1,30,360 രൂപ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു.
രാജ്യാന്തര വിപണിയിലുണ്ടായ വലിയ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 5,594.82 ഡോളർ എന്ന റെക്കോർഡ് ഉയരത്തിൽ നിന്നും ഔൺസിന് 5,400 ഡോളർ എന്ന നിലവാരത്തിലേക്ക് വില കൂപ്പുകുത്തി. ഇതിന് പിന്നാലെ വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ വെള്ളി ഔൺസിന് 115 ഡോളറിലെത്തി.
ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും (MCX) വലിയ മാറ്റങ്ങളാണ് ദൃശ്യമായത്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,83,962 രൂപയായും കിലോഗ്രാം വെള്ളിയുടെ വില 3,83,898 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ വലിയ തോതിലുള്ള വില വ്യതിയാനങ്ങൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.