02/03/2026
[fontresizer_tawhidurrahmandear_widget]

യുപിയിൽ വാഹനം തടഞ്ഞ് പരസ്യമായി കൊമ്പുകോർത്ത് ബിജെപി എംഎൽഎയും മന്ത്രിയും; റോഡ് നന്നാക്കാത്തത്‌ ചോദ്യം ചെയ്ത് വാഗ്വാദം

 യുപിയിൽ വാഹനം തടഞ്ഞ് പരസ്യമായി കൊമ്പുകോർത്ത് ബിജെപി എംഎൽഎയും മന്ത്രിയും; റോഡ് നന്നാക്കാത്തത്‌ ചോദ്യം ചെയ്ത് വാഗ്വാദം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബയിൽ ബിജെപി മന്ത്രിക്കെതിരെ സ്വന്തം പാർട്ടിയിലെ എംഎൽഎ തന്നെ രംഗത്തിറങ്ങിയത് ഭരണകക്ഷിയെ വെട്ടിലാക്കി. ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിന്റെ വാഹനവ്യൂഹം ചർഖരി എംഎൽഎ ബ്രിജ്ഭൂഷൺ രജ്പുത്തും അനുയായികളുമാണ് തടഞ്ഞത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതിലും റോഡുകൾ തകർന്നു കിടക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു നീക്കം.

ജൽ ജീവൻ മിഷന്റെ പദ്ധതികൾ പാതിവഴിയിൽ നിലച്ചതും റോഡുകൾ നന്നാക്കാത്തതും സംബന്ധിച്ച് എംഎൽഎയും മന്ത്രിയും തമ്മിൽ തെരുവിൽ രൂക്ഷമായ തർക്കമുണ്ടായി. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെ സ്ഥിതി വഷളായെങ്കിലും, ഒടുവിൽ മന്ത്രി വാഹനത്തിൽ നിന്നിറങ്ങി എംഎൽഎയെ ശാന്തനാക്കാൻ ശ്രമിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തി സസ്‌പെൻഡ് ചെയ്യാമെന്നും താൻ നേരിട്ട് ഗ്രാമങ്ങൾ സന്ദർശിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി. ഇതിനുശേഷം ഇരുവരും ഒന്നിച്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തി ചർച്ച നടത്തി.

അതേസമയം, സംഭവത്തിന്റെ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സർക്കാരിനെ പരിഹസിച്ചു. യുപിയിലേത് പരസ്പരം ഏറ്റുമുട്ടുന്ന സർക്കാരാണെന്നും ബിജെപി എംഎൽഎ സ്വന്തം മന്ത്രിയെ തന്നെ ബന്ദിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണകക്ഷിയിലെ ആഭ്യന്തര കലഹം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

Also read: