02/03/2026
[fontresizer_tawhidurrahmandear_widget]

സി.ജെ റോയിയുടെ മരണത്തിനു കാരണം ആദായനികുതി വകുപ്പെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി

 സി.ജെ റോയിയുടെ മരണത്തിനു കാരണം ആദായനികുതി വകുപ്പെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആദായനികുതി (ഐ.ടി) വകുപ്പിന്റെ സമ്മർദ്ദമാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കാൻ സമയമായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രസ്താവിച്ചു.

“അന്വേഷണം പൂർത്തിയായാൽ മാത്രമേ എല്ലാം വ്യക്തമാകൂ. അതുവരെ നമുക്ക് ഒരു നിഗമനത്തിലും എത്താൻ കഴിയില്ല. ഒരു പ്രത്യേക കാരണത്താലാണ് ആത്മഹത്യ നടന്നതെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല-” ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, ആദായനികുതി വകുപ്പ് കേന്ദ്ര ധനമന്ത്രിയുടെ കീഴിലാണെന്നും അന്വേഷണം സംബന്ധിച്ച തീരുമാനം കാത്തിരിക്കണമെന്നും പരമേശ്വര പറഞ്ഞു.

സംസ്ഥാന തലത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അവർ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറ് മാസമായി റോയ് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. റോയ് തന്റെ ബിസിനസ് സംരംഭങ്ങൾക്കായി ബാങ്ക് വായ്പകൾ എടുത്തിരുന്നില്ല. കർണാടകയിലും കേരളത്തിലും വിദേശത്തും അദ്ദേഹത്തിന് ബിസിനസ് ഉണ്ടായിരുന്നു. എന്നാൽ പുതിയ പദ്ധതികൾക്കായി ബാങ്ക് ഫണ്ടിംഗിന് പകരം ചില രാഷ്ട്രീയക്കാരിൽ നിന്ന് നേരിട്ട് നിക്ഷേപം എത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ പണത്തിന്റെ വലിയൊരു ഭാഗം കണക്കിൽപ്പെടാത്തതോ “കള്ളപ്പണമോ” ആകാം എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

റോയ് ഏറ്റെടുത്ത പുതിയ പ്രോജക്ടുകൾ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്നും ഇതേസമയം വരുമാനത്തിന്റെ വലിയൊരു ഭാഗം ആഡംബര ജീവിതത്തിനായി ചെലവഴിച്ചതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സാമ്പത്തിക മാനേജ്‌മെന്റിൽ അദ്ദേഹം പൂർണ്ണമായും പരാജയപ്പെട്ടു. പദ്ധതികൾ നഷ്ടത്തിലായതോടെ നിക്ഷേപം നടത്തിയ ചില രാഷ്ട്രീയക്കാർ പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങി. ഇതിനിടെ കേന്ദ്ര അന്വേഷണ ഏജൻസികൾ റോയിയുടെ ബിസിനസ് ഇടപാടുകൾ പരിശോധിക്കാനും തുടങ്ങിയിരുന്നു. ബാങ്ക് വായ്പകളുടെ അഭാവത്തിൽ ഇത്രയും വലിയ ബിസിനസ്സുകൾക്കുള്ള ഫണ്ട് എവിടെ നിന്ന് വരുന്നു എന്നതായിരുന്നു അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം.

ബിസിനസ് തകർച്ചയ്‌ക്കൊപ്പം അദ്ദേഹം മാനസികമായും തകർന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി തീവ്രമായ വിഷാദരോഗത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. തന്റെ ബിസിനസ് ഇടപാടുകളെല്ലാം പുറംലോകം അറിയുമെന്ന ഭയവും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ഈ സമ്മർദ്ദങ്ങളാകാം അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവിലെ ഓഫീസിൽ ആദായനികുതി റെയ്ഡ് നടക്കുന്നതിനിടെയാണ് സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചത്. ഒന്നാം നിലയിലെ തന്റെ ഓഫീസിനുള്ളിൽ വെച്ച് നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹം മുറിയിൽ തനിച്ചായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. വെടിയൊച്ച കേട്ട് ആദായനികുതി ഉദ്യോഗസ്ഥർ മുറിയിലേക്ക് ഓടിയെത്തുകയും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂർ ചോദ്യം ചെയ്ത ശേഷം ചില രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം തന്റെ ചേമ്പറിലേക്ക് പോയി ജീവനൊടുക്കിയത്.

Also read: