പൊതുവേദിയിൽ കുഴഞ്ഞുവീണ് ബിജെപി നേതാവ് എച്ച്. രാജ; സമയോചിത ഇടപെടലുമായി രക്ഷകനായി ഡിഎംകെ നേതാവ് ഹഫീസുല്ല
ചെന്നൈ: മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള മുതിർന്ന നേതാവ് ബിജെപി എച്ച്. രാജ വേദിയിൽ കുഴഞ്ഞുവീണപ്പോൾ രക്ഷകനായി ഡിഎംകെ നേതാവ് ഡോ. ഹഫീസുല്ല. ചെന്നൈയിൽ ‘എൻഡിടിവി’ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നതിനിടെ രാജ കുഴഞ്ഞുവീഴുകയായിരുന്നു. ഡോ. എസ്.എ.എസ് ഹഫീസുല്ലയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് കൃത്യസമയത്ത് ചികിത്സ നൽകി ബിജെപി നേതാവിനെ ആശുപത്രിയിലെത്തിക്കാനായത്.
വഖഫ് ബോർഡിനെതിരായ രൂക്ഷ വിമർശനത്തിനും മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കും തൊട്ടുപിന്നാലെയാണ് 68-കാരനായ രാജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മൈനർ സ്‌ട്രോക്ക് ബാധിച്ച് കസേരയിലേക്ക് മറിഞ്ഞ രാജയ്ക്ക്, ‘ഗോൾഡൻ അവർ’ എന്നറിയപ്പെടുന്ന നിർണായക സമയത്ത് തന്നെ ഡോ. ഹഫീസുല്ലയുടെ പരിചരണം ലഭിച്ചു. അപ്പോളോ ആശുപത്രിയിലെത്തിക്കാനായിരുന്നു ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളും സംഘാടകരും ആലോചിച്ചത്. എന്നാൽ, ഗതാഗതക്കുരുക്കുള്ള വലിയ ആശുപത്രികളിലേക്ക് പോകാതെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു ഹഫീസുല്ല. പ്രാഥമിക ശുശ്രൂഷകൾ നൽകി ആംബുലൻസിൽ കയറ്റിയതും ഹഫീസുല്ലയുടെ നേതൃത്വത്തിലായിരുന്നു.
വിദ്വേഷത്തിന് മനുഷ്യത്വം നൽകിയ മറുപടിയായാണു സംഭവമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന പ്രതികരണം. ‘താൻ ആരെയാണോ എതിർക്കുന്നത്, ആ വിഭാഗത്തിൽപ്പെട്ട ഒരാൾ തന്നെ തന്റെ ജീവൻ രക്ഷിക്കാൻ എത്തുക എന്നത് കാലത്തിന്റെ കാവ്യനീതിയാണെന്ന്’ ഡി.എം.കെ ഹാൻഡിലുകൾ എക്‌സിൽ കുറിച്ചു. രാജയുടെ അവസാന വാക്കുകൾ മുസ്ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞതായിരുന്നിട്ടും, അതൊന്നും നോക്കാതെ ഒരു ഡോക്ടറുടെ ധർമം നിർവഹിച്ച ഹഫീസുല്ല ദ്രാവിഡ രാഷ്ട്രീയത്തിന്റെ മനുഷ്യമുഖമാണെന്ന് ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ് ഭാരതി എക്‌സിൽ കുറിച്ചു.
സംഭവത്തിൽ ബിജെപി പ്രത്യയശാസ്ത്രങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ചർച്ചകളും സജീവമാണ്. രാജയെ രക്ഷിച്ചത് ഗോമൂത്രം പോലുള്ള പരമ്പരാഗത ചികിത്സകളല്ല, മറിച്ച് ആധുനിക വൈദ്യശാസ്ത്രവും ഒരു മുസ്ലിം ഡോക്ടറുടെ ഇടപെടലുമാണെന്ന് ഡിഎംകെ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജയ്ക്ക് പ്രഥമശുശ്രൂഷ നൽകിയത് താനാണെന്ന അവകാശവാദവുമായി ബിജെപി നേതാവ് ഡോ. തമിഴിസൈ സൗന്ദരരാജൻ രംഗത്തെത്തിയിട്ടുണ്ട്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജയുടെ നില ഇപ്പോൾ തൃപ്തികരമാണ്.