’10 കോടി നഷ്ടപരിഹാരം വേണം’; എം.എ ഷഹനാസിന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നാം തീയതി കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് രാഹുൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തുക ലഭിക്കുകയാണെങ്കിൽ 100 പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിക്കായി അത് ഉപയോഗിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ഷഹനാസ് നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. തന്നെ യുഎഇയിലേക്ക് ക്ഷണിച്ചതിനെ കുറിച്ചും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതിനെ കുറിച്ചുമെല്ലാമുള്ള വെളിപ്പെടുത്തലും രാഹുല്‍ നടത്തിയിരുന്നു. ഈ പരാമർശങ്ങളാണ് ഷഹനാസിനെ ചൊടിപ്പിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെ തനിക്ക് പണ്ടേ അറിയാമെന്നും അദ്ദേഹം ‘കോഴി’യാണെന്നും ഷഹനാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഷഹനാസ് ക്ഷണിച്ചുവെന്ന രാഹുലിന്റെ അവകാശവാദം കള്ളമാണെന്നും, തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് രാഹുലാണ് നിരന്തരം മെസേജുകൾ അയച്ചിരുന്നതെന്നും അവർ തുറന്നടിച്ചു.
താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സാരിയുടുത്ത ചിത്രങ്ങൾക്ക് രാഹുൽ മോശം രീതിയിൽ മറുപടി നൽകിയിട്ടുണ്ടെന്നും ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ പരിശോധിക്കാൻ തന്റെ ഫോൺ വിട്ടുനൽകാൻ തയ്യാറാണെന്നും ഷഹനാസ് വെല്ലുവിളിച്ചു. രാഹുലിന് ധൈര്യമുണ്ടെങ്കിൽ തന്റെ ഫോൺ പരിശോധനയ്ക്കായി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
താൻ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്നും ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകൾ ഒരു അജണ്ടയുടെയും ഭാഗമല്ലെന്നും ഷഹനാസ് വ്യക്തമാക്കി. കുടുംബത്തിലെ ഒരാളാണ് തെറ്റ് ചെയ്യുന്നതെങ്കിലും താൻ ഇരയ്‌ക്കൊപ്പമേ നിൽക്കൂവെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഷഹനാസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലപാട്.