‘രക്ഷാപ്രവർത്തനം’: പിണറായിയുടെ ഗൺമാനടക്കം അഞ്ച് പ്രതികൾ; അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു
ആലപ്പുഴ: നവകേരള മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ. പ്രത്യേക അന്വേഷണസംഘം ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അനിൽകുമാർ, സന്ദീപ്, വരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ. വകുപ്പുകൾ ചുമത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷം വകുപ്പുകൾ ചുമത്തും. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗുരുതര ചട്ടലംഘനമാണെന്ന് നടന്നിരിക്കുന്നതെന്ന് എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രതി ചേർക്കപ്പെട്ട് അഞ്ച് പേർക്കെതിരെയും വകുപ്പു തല നടപടിക്കും പ്രത്യേക അന്വേഷണസംഘം ശിപാർശ ചെയ്തിട്ടുണ്ട്. മർദനമേറ്റ എ.ഡി. തോമസ് ഉൾപ്പെടെ തങ്ങളെ അഞ്ച് പേർ മർദിച്ചിരുന്നു. രണ്ടാളുടെ പേരിൽ മാത്രമേ കേസ് എടുത്തിട്ടുള്ളൂ എന്നാണ് പറഞ്ഞിരുന്നത്. എഡി തോമസ്, അജയ് ജോയൽ കുര്യാക്കോസ്, ദൃശ്യങ്ങൾ പകർത്തിയ ജോജി എന്നിവരുടെ മൊഴികളാണ് അന്വേഷണ സംഘം എടുത്തിരുന്നത്. ജോജിയുടെ ഫോൺ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.