04/03/2026
[fontresizer_tawhidurrahmandear_widget]

നിർബന്ധിത നമസ്‌കാരം നടന്നില്ല: ആരോപണങ്ങൾ വ്യാജമെന്ന് സമിതി; പ്രിൻസിപ്പലിന് ക്ലീൻ ചിറ്റ്

 നിർബന്ധിത നമസ്‌കാരം നടന്നില്ല: ആരോപണങ്ങൾ വ്യാജമെന്ന് സമിതി; പ്രിൻസിപ്പലിന് ക്ലീൻ ചിറ്റ്

ലഖ്‌നൗ: വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിതമായി നമസ്‌കാരം ചെയ്യിപ്പിച്ചു എന്ന പരാതിയിൽ സസ്‌പെൻഷനിലായിരുന്ന മധുരയിലെ സർക്കാർ പ്രൈമറി സ്‌കൂൾ പ്രിൻസിപ്പലിന് ക്ലീൻ ചിറ്റ്. അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രിൻസിപൽ ജാൻ മുഹമ്മദിനെ സർവീസിൽ തിരിച്ചെടുത്തു.

കഴിഞ്ഞ 30നാണ് ബിജെപി നൗജീൽ ബ്ലോക്ക് പ്രസിഡന്റ് ദുർഗേഷ് ചൗഹാൻ പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. സ്‌കൂളിൽ ദേശീയഗാനം ആലപിക്കുന്നില്ലെന്നും വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധപൂർവ്വം നമസ്‌കാരം ചെയ്യിപ്പിക്കുന്നുവെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടതായി ചൗഹാൻ ആരോപിച്ചിരുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ മാസം 31ന് ബേസിക് വിദ്യാഭ്യാസ വകുപ്പ് ജാൻ മുഹമ്മദിനെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

രണ്ട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാരടങ്ങിയ സമിതിയാണ് കേസ് അന്വേഷിച്ചത്. ആദ്യം ഒരു മാസത്തെ സമയം നൽകിയെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ബേസിക് വിദ്യാഭ്യാസ ഓഫീസർ (BSA) രത്തൻ കീർത്തി ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ആരോപണങ്ങൾ വ്യാജമാണെന്ന് സമിതി കണ്ടെത്തി. വെള്ളിയാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ പ്രിൻസിപ്പൽ പൂർണമായും നിരപരാധിയാണെന്ന് വ്യക്തമാക്കിയതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്.

‘അന്വേഷണ സമിതി അദ്ദേഹത്തെ നിരപരാധിയാണെന്ന് കണ്ടെത്തി, ഞങ്ങൾ അദ്ദേഹത്തെ വീണ്ടും നിയമിച്ചു,’ ബിഎസ്എ രത്തൻ കീർത്തി പറഞ്ഞു. വ്യാജ പരാതി നൽകിയവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൂഢാലോചന നടന്നതായി തെളിഞ്ഞാൽ പരാതിക്കാരനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉത്തർപ്രദേശ് അടിസ്ഥാന വിദ്യാഭ്യാസ സഹമന്ത്രി സന്ദീപ് സിങ്ങും വ്യക്തമാക്കി.

പ്രിൻസിപ്പൽ മുസ്‌ലിം ആയതിനാൽ മനഃപൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കോൺഗ്രസ് നേതാവ് പ്രദീപ് മാത്തൂർ ആവശ്യപ്പെട്ടു.

Also read: