ശബരിമല സ്വർണക്കൊള്ള: ആഗോള അയ്യപ്പ സംഗമവും അന്വേഷണ നിഴലിൽ?
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്കും വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഒരുങ്ങുന്നു. ഇത് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ നടന്ന സംഗമത്തെക്കുറിച്ചാണ് റിപ്പോർട്ടിലുള്ളത്.
ആഗോള അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന ഗുരുതര കണ്ടെത്തലാണ് എസ്.ഐ.ടി നടത്തിയിരിക്കുന്നത്. പരിപാടിയുടെ ഫണ്ട് വിനിയോഗത്തിൽ വലിയ തോതിലുള്ള അവ്യക്തതകൾ നിലനിൽക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് ഈ പരിപാടിയുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
അതേസമയം, ആഗോള അയ്യപ്പ സംഗമം വഴി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണക്കൊള്ള കേസിൽ അന്വേഷണം പുരോഗമിക്കവെ, ഭരണസമിതിയുടെ തീരുമാനങ്ങളിലെ സുതാര്യതയില്ലായ്മയും സാമ്പത്തിക നഷ്ടവും പുറത്തുവരുന്നത് ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.