മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് പോക്സോ കേസിൽ പിടിയിൽ
മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം മമ്പാട് സ്വദേശി ഫിലിപ്പിനെയാണ് നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
2022 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിയെ കാസർകോട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ് മമ്പാട് ജോലി രാജിവെച്ച ശേഷമാണ് മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിൽ ശ്രദ്ധേയനായത്. സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇയാൾ, കുടുംബ പ്രശ്നങ്ങളിലും കുട്ടികളുടെ വിഷയങ്ങളിലും ഉപദേശങ്ങൾ നൽകുന്ന നിരവധി വീഡിയോകൾ പങ്കുവെക്കാറുണ്ട്. സന്നദ്ധ സേവന മേഖലയിലും സജീവമായിരുന്നു ഇയാൾ. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് നിലമ്പൂർ പൊലീസ് വ്യക്തമാക്കി.