കഞ്ചാവ് കേസിൽ കുടുക്കാൻ ലഹരിവസ്തു എത്തിച്ചു, ലക്ഷങ്ങൾ കൈക്കൂലി; കാക്കിക്കുള്ളിലെ അഴിമതി റിപ്പോർട്ട് ചെയ്തതിന് പ്രതികാര നടപടി, സ്വയം വിരമിച്ച് എസ്ഐ
ശാസ്താംകോട്ട: സഹപ്രവർത്തകരുടെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിന് പ്രതികാര നടപടി നേരിടേണ്ടി വന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സർവീസിൽ നിന്നും സ്വയം വിരമിച്ചു. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ. ഹർഷാദാണ് (49) ആറര വർഷത്തെ സർവീസ് ബാക്കിനിൽക്കെ പടിയിറങ്ങിയത്. സേനയ്ക്കുള്ളിലെ രാഷ്ട്രീയ ഇടപെടലിലും പോലീസ് അസോസിയേഷന്റെ പീഡനത്തിലും മനംനൊന്താണ് തീരുമാനം.
കഴിഞ്ഞ ജൂലൈയിൽ നടന്ന മോഷണക്കേസിൽ ആക്രിക്കട ഉടമയിൽ നിന്ന് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത് ഹർഷാദ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, നിരപരാധിയായ യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കാൻ പോലീസ് തന്നെ ലഹരിവസ്തു എത്തിച്ച സംഭവവും അദ്ദേഹം പുറത്തുകൊണ്ടുവന്നു. എന്നാൽ രഹസ്യമായി നൽകിയ ഈ റിപ്പോർട്ട് എസ്പി ഓഫീസിൽ നിന്ന് ചോർന്നതോടെ ഹർഷാദ് അസോസിയേഷന്റെ കണ്ണിലെ കരടായി.
തുടർന്ന് മന്ത്രിതല ഇടപെടലിലൂടെ അദ്ദേഹത്തെ ദൂരേക്ക് സ്ഥലം മാറ്റുകയായിരുന്നു. മികച്ച സേവനത്തിന് ഗുഡ് സർവീസ് എൻട്രി നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഹർഷാദ്. നീതിക്ക് വേണ്ടി നിലകൊണ്ടതിന് ശിക്ഷിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് വിരമിക്കലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.