അസം ഹൈവേയിൽ പറന്നിറങ്ങി മോദി; പ്രതിരോധത്തിന് കരുത്തായി അടിയന്തര റൺവേ
ദിസ്പൂർ: അസമിലെ ദേശീയപാത 37ൽ നിർമ്മിച്ച വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ അടിയന്തര ലാൻഡിങ്ങിൽ (ELF) സി130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം കുറിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലെ ഏകദിന പര്യടനത്തിന്റെ ഭാഗമായാണ് വ്യോമസേനയുടെ വിമാനത്തിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്തത്.
പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും സൗകര്യം കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 100 കോടി രൂപ ചെലവിൽ മൊറാൻ ബൈപാസിൽ 4.2 കിലോമീറ്റർ നീളത്തിലാണ് സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങൾക്കും 74 ടൺ വരെ ഭാരമുള്ള ചരക്ക് വിമാനങ്ങൾക്കും ഇവിടെ സുരക്ഷിതമായി ലാൻഡ് ചെയ്യാം. ലാൻഡിംഗിന് ശേഷം തേജസ്, സുഖോയ്, റാഫേൽ വിമാനങ്ങൾ അണിനിരന്ന 40 മിനിറ്റ് നീണ്ട വർണ്ണാഭമായ എയർ ഷോയും പ്രധാനമന്ത്രി വീക്ഷിച്ചു.
ഗുവാഹത്തിയെയും വടക്കൻ ഗുവാഹത്തിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പാലം, ഗുവാഹത്തി ഐഐഎം താൽക്കാലിക കാമ്പസ് എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു. നഗരയാത്ര സുഗമമാക്കാൻ 100 ഇലക്ട്രിക് ബസുകളുടെ ഫ്‌ലാഗ് ഓഫ് കർമ്മവും മോദി നിർവഹിച്ചു.