ഇറാൻ തീരത്ത് നങ്കൂരമിട്ട് റഷ്യയുടെ കൂറ്റൻ പടക്കപ്പൽ; നാളെ വിപ്ലവ ഗാർഡുമായി ചേർന്ന് സൈനികാഭ്യാസം
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി റഷ്യൻ നാവികസേനയുടെ കൂറ്റൻ പടക്കപ്പൽ ഇറാൻ തീരത്തെത്തി. ഹെലികോപ്റ്റർ വാഹിനിക്കപ്പലാണ് ബന്ദർ അബ്ബാസിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനും റഷ്യയും ചേർന്ന് ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാനാണ് റഷ്യൻ യുദ്ധക്കപ്പൽ എത്തിയതെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ആരംഭിക്കുന്ന സംയുക്ത അഭ്യാസത്തിന് ഇറാന്റെ ‘ഫസ്റ്റ് നേവൽ റീജിയൺ’ ആണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ഉഭയകക്ഷി സൈനിക സഹകരണം വർധിപ്പിക്കുക, സമുദ്ര ഭീകരവാദത്തെ നേരിടുക എന്നിവയാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് വക്താവ് റിയർ അഡ്മിറൽ ഹസ്സൻ മക്‌സൂദ്ലു അറിയിച്ചു. വാണിജ്യ കപ്പലുകളുടെയും എണ്ണ ടാങ്കറുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അഭ്യാസത്തിൽ പ്രത്യേക പ്രാധാന്യം നൽകും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതാണ് ഈ അഭ്യാസമെന്ന് റഷ്യൻ നേവൽ ഫ്‌ലോട്ടില്ല കമാൻഡർ ക്യാപ്റ്റൻ അലക്‌സി സെർഗീവ് പറഞ്ഞു. ഏത് സമുദ്ര വെല്ലുവിളികളെയും നേരിടാൻ ഇരു സേനകളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ യുദ്ധഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ഈ സംയുക്ത നീക്കം എന്നത് ശ്രദ്ധേയമാണ്. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ 2025 ജൂണിൽ നടന്ന ആക്രമണത്തെക്കാൾ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും, നീതിയുക്തമായ ചർച്ചകൾക്ക് മാത്രമേ തയ്യാറാവൂ എന്നുമാണ് ഇറാന്റെ നിലപാട്.
അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാന വാഹിനിക്കപ്പൽ ആഴ്ചകളായി പശ്ചിമേഷ്യയിൽ തുടരുന്നുണ്ട്. ഇതിനു പുറമെ തങ്ങളുടെ ഏറ്റവും വലിയ യുദ്ധവിമാനമായ യുഎസ്എസ് ഫിറ്റ്‌സ് ജെറാൾഡിനെയും ട്രംപ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി കൂടുതൽ യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇറാനെ വരുതിയിൽ നിർത്താനുള്ള സമ്മർദതന്ത്രമായാണ് അമേരിക്കയുടെ പുതിയ സൈനിക നടപടികളെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ, ഇതിനിടെ ചൈനയുമായും റഷ്യയുമായും ചേർന്ന് തങ്ങളുടെ സൈനികശേഷി കൂട്ടാൻ ഊർജിതമായ ശ്രമത്തിലുമാണ് ഇറാൻ.