‘എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചു; എയിംസ് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും’: സുരേഷ് ഗോപി
കൊച്ചി: കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന്റെ പേരില്‍ എല്ലാവരും എന്നെ തേച്ചുവെന്നും എയിംസ് കേരളത്തില്‍ വന്നാല്‍ അത് തന്റെ ക്രെഡിറ്റില്‍ ആയിരിക്കുമെന്ന് അന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. എയിംസിനായി താൻ ശക്തമായി പ്രയത്‌നിക്കും. എന്നാൽ അത് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടും. പിന്നീട് നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചുവരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ ഏത് എംപിയാണ് നിങ്ങളോട് പറയുകയെന്നും സുരേഷ് ഗോപി ചോദിച്ചു.
കേരളത്തില്‍ എവിടെ വേണമെങ്കിലും സ്ഥലം തരാമെന്ന സംസ്ഥാന ആരേഗ്യമന്ത്രി കെ മുരളീധരന്റെ സമീപനം വളരെ പോസിറ്റീവ് ആണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാരില്‍ നിന്നും വേണ്ടിയിരുന്ന സമീപനം ഇതായിരുന്നു. അനുയോജ്യമായ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടിയെന്നും അക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങള്‍. കേരളത്തിന് ഏക എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
രേഖാമൂലം കാര്യങ്ങള്‍ നീക്കിയാല്‍ അടുത്ത ബജറ്റിന് മുമ്പ് കേരളത്തിന് എയിംസ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ അടുത്തകൊല്ലം അത് സാധ്യമാകും. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് എയിംസ് നിഷേധിക്കപ്പെട്ടത്. ഒരു ഫ്‌ലൈറ്റ് യാത്രയില്‍ തന്നോടും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. ഒരു സ്ഥലം മാത്രമേ നല്‍കാനുള്ളൂ എന്നാണ് കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അഞ്ച് സ്ഥലങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നായിരുന്നു താന്‍ അന്ന് നൽകിയ മറുപടിയെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.