മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി; കൂറുമാറിയ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും പുറത്താക്കി
തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇവർ യുഡിഎഫ് വിമതയായി മത്സരിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പിന്തുണച്ചു. ബിജെപി അംഗങ്ങളുടെ വോട്ട് കൂടി ലഭിച്ചതോടെ എൽഡിഎഫിനെ പരാജയപ്പെടുത്തി ടെസി ജോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ.ആർ. ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ തുടങ്ങിയ പഞ്ചായത്ത് അംഗങ്ങൾക്കെതിരെയാണ് പുറത്താക്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ബിജെപിയുമായുള്ള സഖ്യം പാർട്ടി നയങ്ങൾക്ക് വിരുദ്ധമാണെന്നും അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.