28/03/2026
[fontresizer_tawhidurrahmandear_widget]

ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം; സമുദായ നേതാവായതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നത്- കെ. മുരളീധരന്‍

 ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം; സമുദായ നേതാവായതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നത്- കെ. മുരളീധരന്‍

വെള്ളാപ്പള്ളി നടേശന്‍, കെ. മുരളീധരന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാവരെയും ഒന്നായിക്കണ്ട ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം വെള്ളാപ്പള്ളി നടേശന് ഉണ്ടാകണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു.

ഇത്തരം വിഷയങ്ങളെയൊക്കെ ജനങ്ങള്‍ കൈകാര്യം ചെയ്യും. അത് വോട്ടെടുപ്പില്‍ ജനം കാണിച്ചു. ഒരു സമുദായ നേതാവ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് കിട്ടാതിരിക്കുകയൊന്നുമില്ല.

ഈ ലോകത്തെ ഒന്നായി കണ്ട ഗുരുദേവന്‍ ഇരുന്ന കസേരയില്‍ ആണ് താനിരിക്കുന്നത് എന്ന വിചാരം അദ്ദേഹത്തിന് ഉണ്ടാകണം. മതത്തെയും ജില്ലയെയുമെല്ലാം കുറ്റം പറയുന്നത് അദ്ദേഹത്തെ പോലെയുള്ള സമുദായ നേതാവ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത് ആണ്. ഇതിനോടൊക്കെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കും. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലമെന്ന്

”ഇങ്ങനെയുള്ള ഒരാളെ മുഖ്യമന്ത്രി സംരക്ഷിക്കുമ്പോള്‍ അതിന്റെ പങ്ക് അദ്ദേഹത്തിനും ഉണ്ടാകും. തെറ്റ് തെറ്റാണെന്നു മുഖത്തു നോക്കി പറയണം. അതിന് മുഖ്യമന്ത്രിക്ക് സാധിച്ചില്ല. വെള്ളാപ്പള്ളി പറഞ്ഞ നിലപാട് ശരിയല്ലെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. സിപിഎമ്മിന് അദ്ദേഹത്തെ തള്ളിപ്പറയാന്‍ കഴിയുന്നില്ല.”

ബിജെപിക്കെതിരെയും മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു. ക്രൈസ്തവ സഭകളോട് ബിജെപി കാണിക്കുന്നത് കപടസ്‌നേഹമാണ്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കപടസ്‌നേഹം സഭകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Also read: