‘ഫാത്തിമ തഹ്‌ലിയ നേതാക്കളെ അറിയിച്ചുതന്നെയാണ് സ്ഥലത്തെത്തിയത്’; അതൃപ്തിയെന്ന വാർത്ത തളളി ലീഗ് ജില്ലാ കമ്മിറ്റി
ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്റ്റോർ റൂം തുറന്നതുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ ഉയരുന്ന വാർത്തകൾ തള്ളി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. ഫാത്തിമയുടെ നടപടികളിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും നേതാക്കളെ വിവരമറിയിച്ച് തന്നെയാണ് അവർ സ്ഥലത്തെത്തിയതെന്നും ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വിവാദമുയർന്ന ജെഡിടി സ്‌കൂളിലെ റിസർവ് റൂം തുറക്കുന്ന വിവരം വരണാധികാരി ഒരു മണിക്കൂർ മുൻപ് മാത്രമാണ് സ്ഥാനാർത്ഥിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ പെട്ടെന്ന് സ്ഥലത്തെത്താൻ കഴിയുന്ന വ്യക്തി എന്ന നിലയിലാണ് ഫാത്തിമയുടെ ഭർത്താവ് അഡ്വ. കെ. ശഹസാദ് അവിടെയെത്തിയത്. അദ്ദേഹം സ്ഥാനാർത്ഥിയുടെ എക്‌സ്‌പെൻഡിച്ചർ ഏജന്റ് കൂടിയാണ്. യുഡിഎഫ് പ്രതിനിധികൾ ആരും എത്തിയില്ലെങ്കിലും മുറി തുറക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ശഹസാദിന് അവിടെ ഇടപെടേണ്ടി വന്നതെന്നും ലീഗ് വിശദീകരിച്ചു.
ഇവിഎം മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് തൊട്ടടുത്തുള്ള അതീവ സുരക്ഷാ മേഖലയിലെ മുറി തുറന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ലീഗ് ആരോപിച്ചു. 13 സ്ഥാനാർത്ഥികളുള്ളതിൽ രണ്ടുപേരെ മാത്രം അറിയിച്ച് മുറി തുറന്നതും വരണാധികാരിയുടെ അഭാവത്തിൽ ഉദ്യോഗസ്ഥർ അവിടെ മണിക്കൂറുകളോളം ചിലവഴിച്ചതും ദുരൂഹമാണ്. ഈ വിഷയത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും പരാതിയില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത് എന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പുതിയ ഉത്തരവ് യുഡിഎഫിന്റെ ജാഗ്രതയുടെ ഫലമാണെന്നും ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു.