20/04/2026
[fontresizer_tawhidurrahmandear_widget]

ബ്രിട്ടനിൽ ഫലസ്തീനെ അനുകൂലിക്കുന്ന വിദ്യാർഥികളുടെ നീക്കങ്ങൾ ചോർത്താൻ ഏജൻസികളെ നിയമിച്ച് സർവകലാശാലകൾ

 ബ്രിട്ടനിൽ ഫലസ്തീനെ അനുകൂലിക്കുന്ന വിദ്യാർഥികളുടെ നീക്കങ്ങൾ ചോർത്താൻ ഏജൻസികളെ നിയമിച്ച് സർവകലാശാലകൾ

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ സർവ്വകലാശാലകൾ ഫലസ്തീൻ അനുകൂല നിലപാടുള്ള വിദ്യാർത്ഥികളുടെ നീക്കങ്ങൾ ചോർത്താൻ സ്വകാര്യ ഏജൻസികൾക്ക് വലിയ തുക പ്രതിഫലം നൽകിയതായി റിപ്പോർട്ട്. മുൻ സൈനിക ഉദ്യോഗസ്ഥരും ഇന്റലിജൻസ് വിദഗ്ധരും ചേർന്ന് നടത്തുന്ന ‘ഹൊറസ്’ എന്ന സുരക്ഷാ സ്ഥാപനത്തെയാണ് വിദ്യാർത്ഥികളെ നിരീക്ഷിക്കാനായി അധികൃതർ നിയോഗിച്ചത്.

സർവ്വകലാശാലാ ക്യാമ്പസുകൾക്കുള്ളിലെ സമാധാനപരമായ പ്രതിഷേധങ്ങളെയും വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളെയും ഇത്തരത്തിൽ രഹസ്യമായി നിരീക്ഷിക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ഉൾപ്പെടെയുള്ള സർവകലാശാലകൾ വിദ്യാർഥികളെ നിരീക്ഷിക്കാൻ പണം ചിലവഴിച്ചതായി അൽ-ജസീറ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.

എന്നാൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് സ്വകാര്യ ഏജൻസികളെ നിയമിച്ചതെന്നാണ് സർവ്വകലാശാലയുടെ വാദം. ഇതിന് പിന്നിൽ വിദ്യാർത്ഥികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നീക്കമാണെന്ന് വ്യാപകമായ വിമർശനമുണ്ട്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ കുറ്റവാളികളെപ്പോലെ നിരീക്ഷിക്കപ്പെടുന്നത് ഭയപ്പെടേണ്ട കാര്യമാണെന്ന് വിദ്യാർത്ഥി സംഘടനകൾ പ്രതികരിച്ചു.

സമാധാനപരമായ പ്രതിഷേധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി ചോർത്തുന്നതിനും പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഈ ഏജൻസികൾ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിജ്ഞാനം പങ്കുവെക്കുന്ന ഇടങ്ങളായിരിക്കുന്നതിന് പകരം നിരീക്ഷണ കേന്ദ്രങ്ങളായി മാറുന്നുവെന്ന ഗൗരവകരമായ ആശങ്കയാണ് ഈ റിപ്പോർട്ട് ഉയർത്തുന്നത്. വരും ദിവസങ്ങളിൽ ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയിൽ ഈ വിഷയം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും നയപരമായ മാറ്റങ്ങൾക്കും കാരണമായേക്കാം.

Also read: