എഐഎഡിഎംകെയിൽ പിളര്‍പ്പ്; വിജയിയെപിന്തുണയ്ക്കാൻ 35 എംഎൽഎമാർ
എടപ്പാടി പളനിസ്വാമി, വിജയ്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയ വിജയ്‌യുടെ ടിവികെയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടിയുടെ രാജ്യസഭാ എംപി സി.വി. ഷൺമുഖത്തിന്റെ ചെന്നൈയിലെ ഓഫീസിൽ 35-ഓളം എംഎൽഎമാർ യോഗം ചേർന്നതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നത്. ടിവികെയെ പിന്തുണയ്ക്കാനുള്ള നീക്കമാണ് ഇവർ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ 108 സീറ്റുകളുള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് 10 എംഎൽഎമാരുടെ പിന്തുണ കൂടി ആവശ്യമാണ്. ഈ സാഹചര്യത്തിൽ വിജയ്ക്കൊപ്പം നിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് വിമത എംഎൽഎമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയോട് ആവശ്യപ്പെട്ടതായാണ് വിവരം. എഐഎഡിഎംകെക്ക് നിലവിൽ 47 എംഎൽഎമാരാണുള്ളത്.
അതേസമയം, ടിവികെയുമായി സഖ്യം വേണോ എന്ന കാര്യത്തിൽ പാർട്ടി നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ നിലവിൽ ഭിന്നതകളില്ലെന്നും വിജയ് ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ഇതിനോടകം ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐ, വിസികെ തുടങ്ങിയ പാർട്ടികളുമായും വിജയ് ചർച്ചകൾ നടത്തുന്നുണ്ട്.