സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിഷേധിച്ച മഹിളാ മോര്‍ച്ചക്കാര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ടിക്കറ്റ് നല്‍കി കണ്ടക്ടര്‍
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി മഹിളാ മോർച്ച. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ പ്രതിഷേധവുമായി എത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് കണ്ടക്ടർ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് നൽകി മാതൃകയായി. യാത്രക്കാരുടെ സുരക്ഷയെ മാനിച്ചും സർവീസ് തടസ്സപ്പെടുന്നത് ഒഴിവാക്കാനുമാണ് സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് എടുത്തു നൽകിയതെന്ന് കണ്ടക്ടർ വ്യക്തമാക്കി. സ്റ്റേഷൻ മാസ്റ്ററുടെ കൃത്യമായ നിർദേശപ്രകാരമാണ് ടിക്കറ്റ് നൽകിയതെന്നും ഔദ്യോഗിക സർക്കാർ ഉത്തരവ് വരാതെ ആർക്കും സൗജന്യ ടിക്കറ്റ് നൽകാൻ കഴിയില്ലെന്നും കണ്ടക്ടർ കൂട്ടിച്ചേർത്തു.
അതേസമയം, കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ മഹിളാ മോർച്ച പ്രവർത്തകർ കൂട്ടത്തോടെ ബസിനുള്ളിൽ കയറി പ്രതിഷേധിച്ചു. യു.ഡി.എഫിന്റെ പ്രഖ്യാപനം വിശ്വസിച്ചാണ് തങ്ങൾ എത്തിയതെന്നും ഇനി മുതൽ എല്ലാ യാത്രകളും കെ.എസ്.ആർ.ടി.സിയിലാക്കുമെന്നും പ്രവർത്തകർ പറഞ്ഞു. എന്നാൽ ഔദ്യോഗികമായി സൗജന്യ യാത്ര നിലവിൽ വന്നിട്ടില്ലെന്ന് കണ്ടക്ടർ അറിയിച്ചതോടെ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബസിൽ നിന്നും പുറത്തിറങ്ങി.
കാസർകോടും കെ.എസ്.ആർ.ടി.സി ടെർമിനലുകളിൽ മഹിളാ മോർച്ച, ബി.ജെ.പി പ്രവർത്തകർ ബസിൽ കയറി വലിയ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തി. കാസർകോട് ടെർമിനൽ ഉപരോധിച്ച പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രവർത്തകർ പ്രതിഷേധം തുടർന്നു. ജില്ലാ നേതാക്കളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോഡ് ടൗൺ പൊലീസ് സ്‌റ്റേഷനിലേക്ക് പ്രവർത്തകർ പിന്നീട് മാർച്ച് നടത്തി. മെയ് മാസം 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഈ പദ്ധതി ഔദ്യോഗികമായി നടപ്പാക്കും വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് മഹിളാ മോർച്ചയുടെ തീരുമാനം.