‘അമേരിക്കയുടേത് മുറിവേറ്റ മൃഗം വീഴും മുൻപുള്ള അലർച്ച; ചവറ്റുകൊട്ടയിൽ തള്ളാൻ സമയമായി’- അബ്ബാസ് അരാഗ്ചി
ന്യൂഡൽഹി: അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കുമെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. അമേരിക്കയുടെ സങ്കുചിത നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു.
തകർച്ച നേരിടുന്ന സാമ്രാജ്യങ്ങൾ തങ്ങളുടെ അനിവാര്യമായ വിധി തടയാൻ ആക്രമാസക്തമായി പെരുമാറുമെന്നും, മുറിവേറ്റ മൃഗം വീഴുന്നതിന് മുൻപുള്ള അലർച്ചയാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾ കൂടുതൽ കരുത്തോടെ ഇത്തരം സമ്മർദങ്ങളെ നേരിടണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ സമാധാനവും പ്രാദേശിക സുരക്ഷയും ചർച്ചയായ ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.