‘ആവശ്യങ്ങൾ അംഗീകരിക്കുകയല്ലാതെ ട്രംപിന് മറ്റ് മാർഗമില്ല’; മുന്നറിയിപ്പുമായി ഇറാൻ പ്രതിരോധ മന്ത്രാലയം
തെഹ്‌റാൻ: ഇറാന്റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിക്കുകയല്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലെയ്-നിക്. ഇതിന് വിസമ്മതിക്കുന്നത് അമേരിക്കയ്ക്ക് കൂടുതൽ പരാജയങ്ങളും പ്രത്യാഘാതങ്ങളും സമ്മാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം, ഫാർസ് എന്നിവയും ഇറാൻ ഇന്റർനാഷണലും താലെയ്-നികിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്.
നിലവിലുള്ള സംഘർഷങ്ങളിൽ നിന്ന് പുറത്തുകടക്കാൻ യുദ്ധക്കളത്തിലും നയതന്ത്രത്തിലും ഇറാന്റെ ആവശ്യങ്ങൾ നിറവേറ്റുക എന്നത് മാത്രമാണ് അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾക്ക് മുന്നിലുള്ള ഏക മാർഗമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ന്യായമായ ആവശ്യങ്ങൾക്ക് വഴങ്ങാൻ ശത്രു തയ്യാറാകാത്ത പക്ഷം, അമേരിക്കയും ഇസ്രയേലും ഇറാനുമായി വീണ്ടുമൊരു സംഘർഷത്തിലേക്ക് പോയാൽ അവർക്ക് വൻതോതിൽ സൈനിക-യുദ്ധ ചെലവുകൾ നേരിടേണ്ടി വരും.
ട്രംപ് അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾ അവഗണിക്കുകയും ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തുകയുമാണ് ചെയ്യുന്നത്. ഇത്തരം ധിക്കാരപരമായ പെരുമാറ്റങ്ങൾ അമേരിക്കയെ യുദ്ധത്തിന്റെ കുഴപ്പത്തിലേക്ക് തള്ളിവിടും. യുദ്ധം തുടരുന്നത് അമേരിക്കൻ ജനതയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും കൂടുതൽ ദോഷം വരുത്തിവയ്ക്കുമെന്നും, അതിനാൽ കൂടുതൽ നഷ്ടങ്ങൾ തടയുന്നതിനായി ഇറാന്റെ നിർദേശം അംഗീകരിക്കാൻ ട്രംപ് തയ്യാറാകണമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.