04/06/2026
[fontresizer_tawhidurrahmandear_widget]

രക്ഷാ പ്രവർത്തനത്തിൽ പുനരന്വേഷണം; രണ്ട് ഇന്ദിരാ ഗ്യാരന്റികൾ ഉടൻ, ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടി

 രക്ഷാ പ്രവർത്തനത്തിൽ പുനരന്വേഷണം; രണ്ട് ഇന്ദിരാ ഗ്യാരന്റികൾ ഉടൻ, ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ആദ്യ മന്ത്രി സഭായോഗത്തിൽ തന്നെ ഇന്ദിരാ ഗ്യാരന്റിയെ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് വയോജന വകുപ്പെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്‌കൃതമാകണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്‌നതുല്യമായ ലക്ഷ്യമുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ആശാ വർക്കർമാരുടെ ഓണറേറിയം ആദ്യഘട്ടമെന്ന നിലയിൽ 3000 രൂപ വർധിപ്പിച്ചു. വിരമിക്കൽ ആനുകൂല്യം സംബന്ധിച്ചുള്ള തീരുമാനം ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കും. അംഗൻവാടി ജീവനക്കാരുടെ വേതനം 100 രൂപ വർധിപ്പിക്കും. പാചകത്തൊഴിലാളികളുടെയും പ്രീപൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ വേതനം വർധിപ്പിച്ചു.

ഇതിനു പുറമെ 2023ൽ നവകേരള സദസിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ എത്തിയപ്പോൾ റോഡരികിൽ പ്രതിഷേധിച്ച രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവ് പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച അഞ്ചു ഗ്യാരണ്ടികളിൽ രണ്ടെണ്ണമാണു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. ജനറൽ ആയി ജാജു ബാബുവിനെ നിയമിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി ടി. അസഫലിയെ നിയോഗിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി സുധാകരനെ പ്രോടേം സ്പീക്കറായി നിയോഗിച്ചു. നിയമസഭാ സമ്മേളനം മെയ് 22 മുതൽ വിളിച്ചു ചേർക്കണമെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും മെയ് 29ന് നയപ്രഖ്യാപനം പ്രസംഗം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also read: