‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’, ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അദ്ദേഹം ഇനി തലസ്ഥാനത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് പ്രതീക്ഷ.
നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ തിങ്കളാഴ്ച്ച രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. ചൊവ്വാഴ്‌ച നടത്താനിരുന്ന അവസാനത്തെ മന്ത്രിസഭാ യോഗവും ഉപേക്ഷിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാണ് അദ്ദേഹം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്നത്. ഭാര്യയും മകളും പേരമകനും അദ്ദേഹത്തോടൊപ്പമുണ്ട്.
കുടുംബത്തോടൊപ്പമാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. സിപിഎം നേതാക്കളായ വി ശിവന്‍കുട്ടി, എ എ റഹീം, വി ജോയ് എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അതിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ നിന്ന് ഒഴിയുന്ന പിണറായി വിജയന് താമസിക്കാന്‍ ചിന്താ ഫ്‌ലാറ്റില്‍ പാര്‍ട്ടി മുറി അനുവദിച്ചു.