പഞ്ചാബിൽ തൂത്തുവാരി എഎപി, ബിജെപി അഞ്ചാമത്; ‘ഇത് ജനങ്ങളുടെ പ്രതികാരമെന്ന്’ കെജ്‌രിവാൾ
ചണ്ഡീഗഡ്: പഞ്ചാബിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ ശക്തികളെ പിന്തള്ളി ആം ആദ്മി പാർട്ടിയുടെ (എഎപി) വൻ മുന്നേറ്റം. ആകെ വിധി എഴുതിയ 1977 വാർഡുകളിൽ 957 എണ്ണത്തിലും വെന്നിക്കൊടി പാറിച്ചാണ് ആം ആദ്മി പാർട്ടി അധികാരം ഉറപ്പിച്ചത്. 397 വാർഡുകളിൽ വിജയവുമായി കോൺഗ്രസ് രണ്ടാമതെത്തിയപ്പോൾ 251 ഇടങ്ങളിൽ സ്വതന്ത്രർ മൂന്നാം സ്ഥാനം നേടി. ശിരോമണി അകാലിദൾ 191 വാർഡുകളിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) വെറും 167 വാർഡുകളിലും ഒതുങ്ങി. ബിഎസ്പിക്ക് കേവലം ഏഴ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ പ്രബല ശക്തികേന്ദ്രമായി വിലയിരുത്തപ്പെട്ടിരുന്ന പത്താൻകോട്ടിലെ 50 വാർഡുകളിൽ 23 ഉം എഎപി പിടിച്ചെടുത്തു. ഇവിടെ കോൺഗ്രസ് 12 വാർഡിലും ബിജെപി എട്ട് വാർഡിലും മാത്രമാണ് ജയിച്ചത്. മൊഹാലിയിലും വ്യക്തമായ ആധിപത്യം പുലർത്തിയ എഎപി 35 സീറ്റുകളിൽ 20 എണ്ണത്തിലും തങ്ങളുടെ വിജയം രേഖപ്പെടുത്തി.
മൊഹാലി, ഭടിൻഡ, അബോഹർ, ബർണല, കപുർത്തല, മോഗ, പട്‌ല, പത്താൻകോട്ട് എന്നീ എട്ട് മുൻസിപ്പൽ കോർപറേഷനുകളിലേക്കും 75 മുൻസിപ്പൽ കൗൺസിലുകളിലേക്കും 19 നഗര പഞ്ചായത്തുകളിലേക്കുമാണ് ഈ മാസം 26-ന് തിരഞ്ഞെടുപ്പ് നടന്നത്. കടുത്ത ചൂടിനെ അവഗണിച്ചും 63.94 ശതമാനം വോട്ടർമാരാണ് പോളിങ് ബൂത്തുകളിൽ എത്തിയത്. മത്സരരംഗത്തുണ്ടായിരുന്ന 7554 സ്ഥാനാർത്ഥികളിൽ 80 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബിജെപിയെ ‘ഇഡി പാർട്ടി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിച്ചു. പഞ്ചാബിലെ സാധാരണക്കാരായ ചെറുകിട വ്യാപാരികളുടെ വീടുകളിൽ വരെ ഇഡിയെ കയറ്റിയിറക്കി ജനങ്ങളെ അപമാനിച്ചതിന് ബിജെപിക്കെതിരെ ജനം ചെയ്ത പ്രതികാരമാണിത് എന്ന് കേജ്‌രിവാൾ പ്രസ്താവിച്ചു. നഗരപ്രദേശങ്ങളിൽ ആം ആദ്മി പാർട്ടിയെ നെഞ്ചിലേറ്റിയ പഞ്ചാബിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും ഈ ജനവിധി ഭഗവന്ത് മാൻ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപരമായ ദൗത്യമാണ് പഞ്ചാബിലെ ജനങ്ങൾ നിർവ്വഹിച്ചതെന്നും വരും ദിവസങ്ങളിലും നല്ല കാര്യങ്ങൾ ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലത്തിൽ അതീവ ആഹ്ലാദം പ്രകടിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, വിഭാഗീയതയുടെ രാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിച്ച ജനങ്ങളാണ് യഥാർത്ഥ ഹീറോകളെന്നും താൻ വികസന രാഷ്ട്രീയവുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചു.
‘അനുമതിയില്ലാതെ മൃഗബലി നടത്തിയാൽ ജയിലിലാകും; ഹിന്ദുക്കൾ വികാരങ്ങളെ മാനിക്കാറില്ലേ?...
6 days ago